ലണ്ടന്‍: ലോകകപ്പിലെ മോശം ഫോമിനെത്തുടര്‍ന്ന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്ന ഇന്ത്യന്‍ താരം എംഎസ് ധോണിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. ധോണിയെ വിമര്‍ശിക്കേണ്ടെന്നും ടീമിന് ആവശ്യമായ ഘട്ടത്തില്‍ മികച്ച പ്രകടനം തന്നെയാണ് താരം പുറത്തെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

'ധോണിയെ വിമര്‍ശിക്കേണ്ട. എക്കാലത്തെയും മികച്ച താരങ്ങള്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ധോണി മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. 20-ാം വയസിലെ പ്രകടനം ഇപ്പോള്‍ പുറത്തെടുക്കാന്‍ ഒരു താരത്തിനും കഴിയില്ല. പക്ഷേ ടീമിന് ആവശ്യമായ ഘട്ടത്തിലെല്ലാം തിളങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 

താരങ്ങള്‍ മികച്ച പ്രകടനം നടത്തണമെന്ന് ആരാധകരെല്ലാം ആഗ്രഹിക്കും. പലപ്പോഴും ആരാധകരുടെ ആഗ്രഹത്തിന് അനുസരിച്ചുള്ള പ്രകടനം കാഴ്ച്ച വെക്കാന്‍ താരങ്ങള്‍ക്ക് കഴിയണമെന്നില്ല. ആരാധകരുടെ ആ ആഗ്രഹമാണ് യഥാര്‍ത്ഥത്തില്‍ പ്രശ്നം'. ആ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ധോണിക്ക് കഴിയുന്നില്ലെന്നത് മാത്രമാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നതെന്നും കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.