ലോഡ്‌സ്: ലോകകപ്പില്‍ മിന്നും ഫോമിലായിരുന്നു ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍. ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഒരു റണ്‍ നേടിയതോടെ വില്യംസണെ തേടി ചരിത്ര നേട്ടമെത്തി. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നായകനായി വില്യംസണ്‍.

ശ്രീലങ്കന്‍ മുന്‍ നായകന്‍ മഹേല ജയവര്‍ധനെയെയാണ് വില്യംസണ്‍ മറികടന്നത്. ഇംഗ്ലണ്ടിനെതിരെ കലാശപ്പോരിനിറങ്ങുമ്പോള്‍ ഈ ലോകകപ്പില്‍ വില്യംസണിന്‍റെ സമ്പാദ്യം 548 റണ്‍സായിരുന്നു. 2007 ലോകകപ്പില്‍ മഹേല ജയവര്‍ധനെയും 548 റണ്‍സ് സ്വന്തമാക്കിയിരുന്നു. 

ഫൈനലില്‍ വില്യംസണ് തിളങ്ങാനായില്ല. 53 പന്തില്‍ 30 റണ്‍സെടുത്ത താരത്തെ പ്ലങ്കറ്റ് വിക്കറ്റ് കീപ്പര്‍ ബട്‌ലറുടെ കൈകളിലെത്തിച്ചു. ഈ ലോകകപ്പിലെ റണ്‍വേട്ടയില്‍ രോഹിത് ശര്‍മ്മ, ഡേവിഡ് വാര്‍ണര്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ക്ക് പിന്നില്‍ നാലാമതാണ് വില്യംസണ്‍. ഒന്‍പത് ഇന്നിംഗ്‌സില്‍ നിന്ന് 576 റണ്‍സാണ് കിവീസ് നായകന്‍റെ സമ്പാദ്യം.