ലണ്ടന്‍: ലോകകപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഇന്ന് ഏറ്റുമുട്ടും. മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇരുടീമുകളും ഫൈനലില്‍ എത്തിയത്. അതിനാല്‍ ആരാകും കപ്പടിക്കുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിശക്തമാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിര. 

നായകന്‍ കെയ്ന്‍ വില്യംസണ്‍ ആണ് ന്യൂസിലന്‍ഡിന്‍റെ തുറുപ്പു ചീട്ട്. ഇന്ന് ഇംഗ്ലണ്ടിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ ഒരു റെക്കോര്‍ഡിന്‍റെ അരികിലാണ് താരം. ഒരു ലോകകപ്പില്‍ നിന്നും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നായകന്‍ എന്ന റെക്കോര്‍ഡാണ് ഒരു റണ്‍ അകലെ കെയ്ന്‍ വില്യംസണിനെ കാത്തിരിക്കുന്നത്. 

നിലവില്‍ 548 റണ്‍സാണ് താരം സ്വന്തമാക്കിയത്. 2007 ലെ ലോകകപ്പില്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധനെയും 548 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്.  ഇനി ഒരു റണ്‍ കൂടി സ്വന്തമാക്കിയാല്‍ കെയ്ന്‍ വില്യംസണിന് ആ റെക്കോര്‍ഡ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കാം. ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ ഇന്നിറങ്ങുന്ന താരത്തിന്  നേട്ടം സ്വന്തം പേരില്‍ എഴുതാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.