ലോര്‍ഡ്‌സിലെ കലാശപ്പോരിന് ശേഷം ടൂര്‍ണമെന്‍റിലെ താരത്തെ പ്രഖ്യാപിച്ചപ്പോള്‍ വില്യംസണിന്‍റെ പേര് ഉയര്‍ന്നുകേട്ടു.
ലോര്‍ഡ്‌സ്: ലോകകപ്പ് ഫൈനലില്‍ സൂപ്പര്‍ ഓവര്‍ നിയമത്തിന്‍റെ ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് വിജയിച്ചെങ്കിലും ന്യൂസിലന്‍ഡിന് അഭിമാനിക്കാം. പോരാട്ടം വീര്യം എന്താണെന്ന് അവസാന പന്തുവരെ കാട്ടി കിവികള്‍. ഫൈനല്‍ വരെയെത്തിയ ഈ പോരാട്ടവീര്യത്തിന് ന്യൂസിലന്‍ഡ് കടപ്പെട്ടത് ഒരൊറ്റ താരത്തോട് മാത്രമാണ്.
നായകനായി ബാറ്റിംഗിലും മൈതാനത്തും മുന്നില്‍ നിന്ന് നയിച്ച കെയ്‌ന്‍ വില്യംസണ്‍. ഈ ലോകകപ്പില്‍ കിവികളുടെ ഉയര്‍ന്ന റണ്‍ സ്‌കോറര്‍. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 82.57 ശരാശരിയില്‍ വില്യംസണ്‍ അടിച്ചെടുത്ത് 578 റണ്‍സ്. ഒരു ലോകകപ്പില്‍ നായകന്‍റെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡും ഇതിനിടെ വില്യംസണ്‍ സ്വന്തമാക്കി.
ലോര്‍ഡ്‌സിലെ കലാശപ്പോരിന് ശേഷം ടൂര്‍ണമെന്‍റിലെ താരത്തെ പ്രഖ്യാപിച്ചപ്പോള്‍ വില്യംസണിന്‍റെ പേര് ഉയര്‍ന്നുകേട്ടു. കിവികളുടെ പ്രതീക്ഷകള്‍ ഒറ്റയ്‌ക്ക് ചുമലിലേറ്റിയതിനുള്ള അംഗീകാരം. അമ്പരപ്പോടെയാണ് വില്യംസണ്‍ ഇക്കാര്യം കേട്ടത് എന്നതാണ് ശ്രദ്ധേയം. വില്യംസണിന്‍റെ പ്രതികരണത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
