ലണ്ടന്‍: ഓസ്ട്രേലിയക്കെതിരായ തോൽവിക്ക് പിന്നാലെ ഓയിൻ മോർഗനെ കടന്നാക്രമിച്ച് മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്സൺ. മിച്ചൽ സ്റ്റാര്‍ക്കിന്‍റെ ആദ്യ പന്ത് നേരിട്ടപ്പോള്‍ തന്നെ ഓയിന്‍ മോര്‍ഗന്‍റെ ആത്മവിശ്വാസം നഷ്ടപ്പെട്ടെന്നായിരുന്നു കെവിന്‍ പീറ്റേഴ്സന്‍റെ പരിഹാസം. അടുത്തയിടെയൊന്നും ഇത്ര ദുര്‍ബലനായ ഒരു ഇംഗ്ലീഷ് നായകനെ കണ്ടിട്ടില്ലെന്നും പീറ്റേഴ്സൺ ട്വിറ്ററില്‍ തുറന്നടിച്ചു.

ഏഴ് പന്ത് നേരിട്ട മോര്‍ഗന്‍ ഒരു ബൗണ്ടറി മാത്രം നേടിയാണ് മടങ്ങിയത്. അതേസമയം മോര്‍ഗന്‍ ദുര്‍ബലനെന്ന വിമര്‍ശനം ഇംഗ്ലീഷ് ടീം തള്ളി. സഹതാരങ്ങളുടെ വിശ്വാസം നഷ്ടമായതോടെ ഇംഗ്ലീഷ് ടീമിന് പുറത്തുപോകേണ്ടിവന്ന പീറ്റേഴ്സന്‍റെ അഭിപ്രായം അവഗണിക്കാനാണ് മോര്‍ഗന്‍റെയും സംഘത്തിന്‍റെയും തീരുമാനം.

പീറ്റേഴ്സന്‍റെ പരിഹാസം ചിരിച്ചു തള്ളിയ ഓയിന്‍ മോര്‍ഗന്‍, ഇംഗ്ലീഷ് ടീമിന് തിരിച്ചുവരാനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. ശ്രീലങ്കയില്‍ നിന്ന് ലഭിച്ച അപ്രതീക്ഷിത അടിയുടെ ആഘാതത്തില്‍ ഓസീസിന് മുന്നിലിറങ്ങിയ ഇംഗ്ലീഷ് പട വമ്പന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. പേരുകേട്ട ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര്‍ ജേസണ്‍ ബെഹറന്‍ഡോറഫിന്‍റെയും കൂട്ടരുടെ ബൗളിംഗ് മികവിന് മുന്നില്‍ കളി മറന്നതോടെ 64 റണ്‍സിന്‍റെ വിജയമാണ് ഓസ്ട്രേലിയ കുറിച്ചത്.

115 പന്തില്‍ 89 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സിന്‍റെ ഒറ്റയാള്‍ പ്രകടനം മാത്രം ബാക്കിയായപ്പോള്‍ ലോകകപ്പിന്‍റെ സെമിയില്‍ കടക്കാമെന്ന ഇംഗ്ലണ്ടിന്‍റെ സ്വപ്നം പോലും സംശയത്തിന്‍റെ നിഴലിലായി. ഓസ്ട്രേലിയക്ക് വേണ്ടി ജേസണ്‍ ബെഹറന്‍ഡോറഫ് പത്ത് ഓവറില്‍ 45 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി.