തിരുവനന്തപുരം: ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ന്യൂസിലന്‍ഡ് ടീമിനെതിരെ ഇന്ത്യയുടെ തോല്‍വിക്കുള്ള കാരണങ്ങള്‍ നിരത്തി സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷ്. തോല്‍വി ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും മനസ്സില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്നും എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു. നിര്‍ണായക മത്സരത്തില്‍ അഞ്ച് ബൗളര്‍മാരെ മാത്രം കളിപ്പിച്ചതും ഷമിയെ പുറത്തിരുത്തി ചഹലിനെ ഉള്‍പ്പെടുത്തിയതും ദിനേഷ് കാര്‍ത്തിക്കിനെ പരീക്ഷിച്ചതുമാണ് രാജേഷ് തോല്‍വിക്ക് കണ്ടെത്തിയ കാരണങ്ങള്‍.

പിച്ചിന്‍റെ സ്വഭാവം മനസ്സിലാക്കാന്‍ രണ്ട് ദിവസം ലഭിച്ചിട്ടും ആദ്യ പത്തോവര്‍ പിടിച്ചു നില്‍ക്കാന്‍ ടോപ് ഓര്‍ഡര്‍ ക്ഷമ കാണിക്കാത്തതിനെയും രാജേഷ് വിമര്‍ശിച്ചു. ശക്തരായ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെ തോറ്റത് ഇന്ത്യയുടെ ദൗര്‍ബല്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കുറിച്ചു. 


എംബി രാജേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

സെമിഫൈനലിലെ തോൽവി ഏതൊരു ശരാശരി ക്രിക്കറ്റ് പ്രേമിയുടെ മനസ്സിലും ചില ചോദ്യങ്ങൾ ഉയർത്താതിരിക്കില്ല.
1.നിർണായകമായ മൽസരത്തിൽ വെറും അഞ്ച് ബൗളർമാരെ മാത്രം വെച്ച് കളിച്ചത്
2 അത്യുജ്ജലമായ ഫോമിൽ ബൗൾ ചെയ്തിരുന്ന മുഹമ്മദ് ഷമിയെ സെമിഫൈനലിൽ പുറത്തിരുത്തിയത്
3. കൂടുതൽ റൺ വഴങ്ങിയ ചെഹലിനെ ഈ സുപ്രധാന മൽസരത്തിൽ കളിപ്പിച്ചത്
4.നിർണായകമായ മൽസരത്തിൽ ഈ ലോകകപ്പിൽ ഇതുവരെ കളിക്കാതിരുന്ന ദിനേഷ് കാർത്തിക്കിനെ പരീക്ഷിച്ചത്
5. രവീന്ദ്ര ജഡേജക്ക് ഇതുവരെ അവസരം നൽകാതിരുന്നത്‌ 
6.ബൗളർമാർ അഞ്ച് മാത്രം, എന്നാൽ ഒരേ സമയം മുന്ന് വിക്കറ്റ് കീപ്പർമാരെ കളിപ്പിച്ചതിന്റെ യുക്തി
7. പിച്ചിന്റെ സ്വഭാവം ശരിയായി മനസ്സിലാക്കാൻ രണ്ടു ദിവസത്തെ സാവകാശം കിട്ടിയിട്ടും ആദ്യത്തെ പത്തോ വർ അതിജീവിക്കാനുള്ള ക്ഷമ ഇന്ത്യൻ ടോപ് ഓർഡറിന് ഇല്ലാതെ പോയത്
8. സർവ്വോപരി ,ശക്തമായ വെല്ലുവിളി നേരിട്ട രണ്ട് ടീമുകൾക്കെതിരെയും - ഇംഗ്ലണ്ടും ന്യൂസിലാൻറും- പരാജയപ്പെട്ട വിഖ്യാതമായ ഇന്ത്യൻ ടീമിന്‍റെ ദൗർബല്യം