മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടമാണ് ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം. ഞായറാഴ്‌ച മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ഈ ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്. മത്സരത്തിന്‍റെ ആവേശം കത്തിനില്‍ക്കേ എക്കാലത്തെയും മികച്ച ഇന്ത്യ- പാക് ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇതിഹാസ താരം.

മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍ ആണ് ടീമിനെ തെരഞ്ഞെടുത്തത്. വോണിന്‍റെ ടീമില്‍ ഒരു സ്‌പിന്നര്‍ മാത്രമേയുള്ളൂ എന്നത് സവിശേഷതയാണ്. വെടിക്കെട്ട് ഓപ്പണിംഗ് ജോഡിയായ വീരേന്ദര്‍ സെവാഗും സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് ഇന്നിംഗ്‌സ് തുടങ്ങുക. മൂന്നാം നമ്പറില്‍ ഇന്ത്യന്‍ നായകന്‍ കോലിയെത്തുമ്പോള്‍ പാക്കിസ്ഥാന്‍റെ ഇന്‍സമാമും മിയാന്‍ദാദുമാണ് നാലും അഞ്ചും സ്‌ഥാനങ്ങളില്‍.

ആറാം സ്ഥാനത്ത് ഇന്ത്യന്‍ വിക്കറ്റ് കീപ്പിംഗ് ബാറ്റ്സ്‌മാന്‍ എം എസ് ധോണിയാണ്. പാക് ഇതിഹാസ ഓള്‍റൗണ്ടര്‍മാരായ ഇമ്രാന്‍ ഖാനും വസീം അക്രവുമാണ് അടുത്ത സ്ഥാനങ്ങളില്‍. ഇന്ത്യന്‍ ഇതിഹാസം അനില്‍ കുംബ്ലെയാണ് ടീമിലെ ഏക സ്‌പിന്നര്‍. ഇന്ത്യയുടെ നിലവിലെ പേസ് കുന്തമുനയായ ജസ്‌പ്രീത് ബുമ്ര ഇടംപിടിച്ചപ്പോള്‍ വഖാര്‍ യൂനിസാണ് മറ്റൊരു പേസര്‍. 

മൈക്കല്‍ വോണിന്‍റെ എക്കാലത്തെയും മികച്ച ഇന്ത്യ- പാക് ഇലവന്‍

വിരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, ഇന്‍സമാം ഉള്‍ ഹഖ്, ജാവേദ് മിയാന്‍ദാദ്, എം എസ് ധോണി, ഇമ്രാന്‍ ഖാന്‍, വസീം അക്രം, അനില്‍ കുംബ്ലെ, ജസ്‌പ്രീത് ബുമ്ര, വഖാര്‍ യൂനിസ്