മാഞ്ചസ്റ്റര്‍: 'ലോകകപ്പിലെ ഫേവറേറ്റുകള്‍ ആതിഥേയരായ ഇംഗ്ലണ്ടല്ല, ഇന്ത്യയാണ്'. ലോകകപ്പ് ക്രിക്കറ്റ് പാതി ദൂരം പിന്നിടുമ്പോള്‍ ഇന്ത്യയുടെ പ്രകടനം കണ്ട് ഫേവറേറ്റുകളെ മാറ്റിയിരിക്കുന്നു ഇംഗ്ലീഷ് കാണികള്‍ പോലും. കരുത്തരെ ആക്രമിച്ച് കീഴടക്കുന്ന ഇന്ത്യന്‍ ശൈലി കണ്ട് അമ്പരന്നിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് താരങ്ങളും. കരീബിയന്‍ കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ നിലംപരിശാക്കിയതിന് പിന്നാലെ വന്ന ഒരു പ്രതികരണം ഇത് വ്യക്തമാക്കുന്നു.

മുന്‍ ഇംഗ്ലീഷ് നായകനും സോഷ്യല്‍ മീഡിയയില്‍ സജീവവുമായ മൈക്കല്‍ വോണ്‍ പറയുന്നത്, ഇന്ത്യയെ തോല്‍പിക്കാന്‍ കഴിയുന്ന ടീമായിരിക്കും ലോകകപ്പ് നേടുക എന്നാണ്. അത്രത്തോളം കരുത്തരാണ് കോലിപ്പട എന്ന് ഇതിഹാസ താരം തുറന്നുസമ്മതിക്കുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ 125 റണ്‍സിന്‍റെ വമ്പന്‍ ജയം ഇന്ത്യ നേടിയതിന് പിന്നാലെയാണ് ഇതിഹാസ താരത്തിന്‍റെ പ്രതികരണം. ഈ ലോകകപ്പില്‍ തോല്‍വി അറിയാത്ത ഏക ടീമാണ് ഇന്ത്യ. 

ലോകകപ്പില്‍ മികച്ച പ്രകടനമാണ് കോലിയും സംഘവും കാഴ്‌ചവെക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ജയത്തോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു നീലപ്പട. സെമി പ്രവേശം ഇതിനകം ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട് ടീം ഇന്ത്യ. ആറ് മത്സരങ്ങളില്‍ ഒരെണ്ണം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ മറ്റ് അഞ്ചിലും വിജയിച്ചാണ് കോലിപ്പടയുടെ ഗര്‍ജനം. സ്റ്റാര്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റ് മടങ്ങിയ പ്രതികൂല സാഹചര്യത്തിലാണ് ഇന്ത്യന്‍ ടീം മികച്ച പ്രകടനം കാഴ്‌ചവെക്കുന്നത് എന്നതാണ് പ്രധാനം.