ലണ്ടന്‍: ലോക ക്രിക്കറ്റിലെ സ്വപ്ന ഇലവനെ തെരഞ്ഞെടുക്കുക എന്നത് വളരെ വിഷമം പിടിച്ച കാര്യമാണ്. ഇപ്പോള്‍ വിരമിക്കലിന് ശേഷം ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിന് വേണ്ടി എക്കാലത്തെയും മികച്ച ക്രിക്കറ്റ് ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ താരം മോണി മോര്‍ക്കല്‍.

സറെയ്ക്ക് വേണ്ടി ഇപ്പോള്‍ കളിക്കുന്ന മോര്‍ക്കലിന്‍റെ ടീമില്‍ ഏറിയ പങ്കും ദക്ഷിണാഫ്രിക്കയുടെ താരങ്ങള്‍ തന്നെയാണ്. ആറ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കൊപ്പം രണ്ട് ഓസ്ട്രേലിയക്കാരും ഒന്ന് വീതം ഇന്ത്യ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് താരങ്ങളും പട്ടികയില്‍ ഇടംനേടി.

ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച നായകനെന്ന് വിശേഷണമുള്ള ഗ്രെയിം സ്മിത്തിനൊപ്പം ഡേവിഡ് വാര്‍ണറാണ് മോര്‍ക്കലിന്‍റെ സ്വപ്ന ടീമിലെ ഓപ്പണര്‍മാര്‍. ഹാഷിം അംല മൂന്നാമത് എത്തുമ്പോള്‍ ഓള്‍റൗണ്ടറായി ജാക്വസ് കാലിസ് ടീമിലെത്തി. ഇവരെ കൂടാതെ എ ബി ഡിവില്ലിയേഴ്സ്, കഗിസോ റബാദ, ഡെയ്ല്‍ സ്റ്റെയിന്‍ എന്നീ ദക്ഷിണാഫ്രിക്കന്‍ താരങ്ങളെയാണ് മോര്‍ക്കല്‍ തെരഞ്ഞെടുത്തത്.

വിരാട് കോലി, കെവിന്‍ പീറ്റേഴ്സണ്‍ എന്നിവരാണ് ടീമിലെ മറ്റു ബാറ്റ്സ്മാന്മാര്‍. ഡാനിയേല്‍ വെട്ടോറി, പാറ്റ് കമ്മിന്‍സ് എന്നിവരും ചേരുന്നതോടെ ബൗളിംഗ് വിഭാഗവും പൂര്‍ത്തിയായി. എന്നാല്‍, മോര്‍ക്കലിന്‍റെ തെരഞ്ഞെടുപ്പ് കണ്ട് മൂക്കത്ത് വിരല്‍ വച്ചിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, റിക്കി പോണ്ടിംഗ്, സൗരവ് ഗാംഗുലി, ബ്രയാന്‍ ലാറ, വിവ റിച്ചാര്‍ഡ്സ് എന്നിങ്ങനെ ആരുമില്ലാതെ ഇതെന്ത് ടീം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.