ലാഹോര്‍: ഫുട്ബോളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോലെയാണ് ക്രിക്കറ്റില്‍ എം എസ് ധോണി. ഇരുവരെയും കാണുമ്പോള്‍ ആരാധകര്‍ക്ക് ആദ്യം ഓര്‍മ്മ വരുന്നത് ഏഴാം നമ്പര്‍ ജഴ്‌സി തന്നെ. ഒരു വേറിട്ട കാരണം കൊണ്ട് ധോണിയുടെ ഏഴാം നമ്പര്‍ ജഴ്‌സി ഇപ്പോള്‍ വാര്‍ത്തകളിലിടം പിടിച്ചിരിക്കുകയാണ്. 

പ്രിയ താരമായ ധോണിയുടെ പേരും നമ്പറും ജഴ്‌സിയില്‍ പ്രിന്‍റ് ചെയ്യണമെന്ന് ഒരു പാക്കിസ്ഥാന്‍ ആരാധകന് തോന്നി. ഇന്ത്യന്‍ ജഴ്‌സിയില്ല, പാക്കിസ്ഥാന്‍റെ ഔദ്യോഗിക ലോകകപ്പ് ജഴ്‌സിയില്‍ തന്നെ! സംഭവം അയാള്‍ നേടിയെടുത്തു. ധോണിയുടെ പേരും ഏഴാം നമ്പറും പതിപ്പിച്ച പാക്കിസ്ഥാന്‍ കുപ്പായം കണ്ടതോടെ ആരാധകര്‍ക്ക് രസമടക്കാനായില്ല. രാജ്യങ്ങള്‍ വ്യത്യസ്‌തമായിരിക്കും, എന്നാല്‍ 'തല' പ്രേമം മാറ്റാനാകില്ല എന്നായിരുന്നു ട്വിറ്ററില്‍ ഒരു ആരാധകന്‍റെ പ്രതികരണം.

ഇതോടെ ലോകകപ്പിലെ ഇന്ത്യ- പാക് പോരിന് മറ്റൊരു തലം കൈവന്നിരിക്കുകയാണ്. ഇന്ത്യ- പാക്കിസ്ഥാന്‍ നയതന്ത്രബന്ധങ്ങള്‍ താറുമാറായിരിക്കെ, ജൂണ്‍ 16ന് ഓള്‍ഡ് ട്രാഫോഡിലാണ് പരമ്പരാഗത വൈരികളുടെ പോരാട്ടം. മെയ് 30നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.