ബംഗ്ലാദേശിനായി വേഗത്തില്‍ 100 ഏകദിന വിക്കറ്റുകള്‍ നേടുന്ന താരമായി മുസ്‌താഫിസുര്‍. ഒരു ലോകകപ്പില്‍ ബംഗ്ലാ ടീമിനായി കൂടുതല്‍ വിക്കറ്റ് നേടുന്ന താരവുമാണ് മുസ്‌താഫിസുര്‍.

ലണ്ടന്‍: ലോകകപ്പില്‍ പാക്കിസ്ഥാന്‍റെ സെമി പ്രതീക്ഷകള്‍ എറിഞ്ഞിട്ട ബംഗ്ലാദേശ് പേസര്‍ മുസ്‌താഫിസുര്‍ റഹ്‌മാന് ചരിത്ര നേട്ടം. ബംഗ്ലാദേശിനായി വേഗത്തില്‍ 100 ഏകദിന വിക്കറ്റുകള്‍ നേടുന്ന താരമായി മുസ്‌താഫിസുര്‍. 54 ഏകദിനങ്ങളില്‍ നിന്നാണ് താരം ഇത്രയും വിക്കറ്റുകള്‍ നേടിയത്. ഏകദിനത്തില്‍ വേഗതയില്‍ 100 വിക്കറ്റ് തികച്ച താരങ്ങളില്‍ നാലാമനാണ് മുസ്‌താഫിസുര്‍ റഹ്‌മാന്‍. 

സെമി പ്രവേശനത്തിന് ഹിമാലയന്‍ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ പാക്കിസ്ഥാനെ 315ല്‍ ചുരുട്ടിക്കെട്ടിയത് മുസ്‌താഫിസുറിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനമാണ്. 10 ഓവറില്‍ 75 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് പേരെ പുറത്താക്കിയത്. അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഈ ലോകകപ്പില്‍ മുസ്‌താഫിസുറിന് 20 വിക്കറ്റുകളായി. ഒരു ലോകകപ്പില്‍ ബംഗ്ലാദേശിനായി കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും താരത്തിന് സ്വന്തമായി. 

Scroll to load tweet…

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ ഒന്‍പത് വിക്കറ്റിനാണ് 315 റണ്‍സ് നേടിയത്. അഞ്ച് വിക്കറ്റുമായി മുസ്‌താഫിസുര്‍ പാക്കിസ്ഥാന് ഷോക്ക് നല്‍കിയപ്പോള്‍ സൈഫുദീന്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഇമാം ഉള്‍ ഹഖ് സെഞ്ചുറിയും(100) ബാബര്‍ അസം(96) അര്‍ദ്ധ സെഞ്ചുറിയും നേടി. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് രണ്ടാം ഓവറില്‍ ഏഴ് റണ്‍സ് പിന്നിട്ടതോടെ പാക്കിസ്ഥാന്‍ സെമി കാണാതെ പുറത്തായി, കിവീസ് സെമിയിലെത്തി.