ലണ്ടന്‍: ലോകകപ്പ് തുടങ്ങും മുമ്പെ കിരീടം നേടിയവരെപ്പോലെയായിരുന്നു ഇംഗ്ലണ്ടിന്റെ ശരീരഭാഷയും വാചകമടിയും. പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി 300ന് മുകളില്‍ സ്കോര്‍ ചെയ്തും ചേസ് ചെയ്തും അവര്‍ എതിരാളികളെ അമ്പരപ്പിച്ചു. ദക്ഷിണാഫ്രിക്കയെ ആധികാരികമായി കീഴടക്കി ലോകകപ്പിന്റെ തുടക്കവും ഇംഗ്ലണ്ട് ഗംഭീരമാക്കി.

എന്നാല്‍ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാന്റെ മുന്നില്‍ അടിയറവ് പറഞ്ഞപ്പോള്‍ മാത്രമാണ് ഇംഗ്ലീഷ് ആരാധകര്‍ ചെറുതായി ഒന്നു ഞെട്ടിയത്. അപ്പോഴും അത് ഒരു മോശം ദിവസം മാത്രമെന്ന് അവര്‍ ആശ്വസിച്ചു. പാക്കിസ്ഥാനെതിരായ തോല്‍വിക്ക് പിന്നാലെ ബംഗ്ലാദേശിനെയും വെസ്റ്റ് ഇന്‍ഡീസിനെയും ആധികാരികമായി കീഴടക്കിയതോടെ ഇംഗ്ലണ്ട് വീണ്ടും ആത്മവിശ്വസത്തിന്റെ കൊടുമുടിയിലായി.

എന്നാല്‍ ശ്രീലങ്കക്കും ലസിത് മലിംഗക്കും മുന്നില്‍ ഇംഗ്ലണ്ടിന്റെ പേരുകേട്ട ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണപ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ ഇത്തവണ ശരിക്കും ഞെട്ടി. ടീമിന്റെ ബൗളിംഗ് മികവില്‍ അവര്‍ സംശയിച്ചു. അപ്പോഴും ചിരവൈരികളായ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് കരുത്തുകാട്ടുമെന്നായിരുന്നു ആരാധകരുടെ വിശ്വാസം.

ലോകകപ്പിന് മുമ്പ് സന്നാഹ മത്സരത്തില്‍ ഓസീസിന് മുന്നില്‍ തലകുനിക്കേണ്ടിവന്ന ഇംഗ്ലണ്ടിനെ പക്ഷെ ലോകകപ്പിലും കാത്തിരുന്നത് അതേ വിധി തന്നെ. ടൂര്‍ണമെന്റ് ഫേവറൈറ്റുകളായി എത്തി ഇപ്പോള്‍ സെമി സ്ഥാനം ഉറപ്പാക്കാന്‍ അവസാന രണ്ടു കളികളും ജയിക്കണമെന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ് ഇംഗ്ലണ്ട്.

ഈ അവസ്ഥയില്‍ ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ നാസര്‍ ഹുസെെന്‍റെ പ്രതികരണം ആണ് ശ്രദ്ധ നേടുന്നത്. പരമ്പരകളും ടൂര്‍ണമെന്‍റുകളും തമ്മിലുള്ള വ്യത്യാസം ഇംഗ്ലണ്ടിന് ഇപ്പോള്‍ എങ്കിലും മനസിലായി കാണുമെന്ന് നാസര്‍ ഹുസെെന്‍ ഡെയ്‍ലി മെയിലിന് വേണ്ടിയുള്ള കോളത്തില്‍ എഴുതി. വ്യത്യസ്ത ശക്തിയുള്ള വ്യത്യസ്ത ടീമിനെയാണ് ഒരു ടൂര്‍ണമെന്‍റില്‍ നേരിടേണ്ടി വരിക.

ലസിത് മലിംഗയുടെ പേസിന് മുന്നില്‍ വീണ ഇംഗ്ലണ്ട് ഓസ്ട്രേലിയയുടെ സ്വിംഗ് ആക്രമണത്തെയും അതിജീവിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിച്ചില്‍ നിന്ന് അനുകൂല്യം ലഭിച്ചിട്ടും അത് വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ പോയ ക്രിസ് വോക്സ്, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ് എന്നീ ഇംഗ്ലീഷ് ബൗളര്‍മാരെയും ഹുസെെന്‍ വിമര്‍ശിച്ചു.