ബാറ്റിംഗ് ലൈനപ്പിലെ മറ്റ് പൊസിഷനുകള്‍ പോലെയല്ല നാലാം നമ്പര്‍. ഏകദിന ക്രിക്കറ്റില്‍ ഓപ്പണ്‍ ചെയ്യാന്‍ വളരെ എളുപ്പമാണ്. ബാറ്റ്സ്മാന് ഗ്യാപ്പുകള്‍ കണ്ടെത്താനും പന്ത് ഉയര്‍ത്തി അടിച്ച് സ്കോര്‍ ചെയ്യാനും കഴിയും

കോഴിക്കോട്: എം എസ് ധോണിക്കായി വാദിച്ച് നവ്ജ്യോത് സിംഗ് സിദ്ധു. ലോകകപ്പിലെ ബാറ്റിംഗ് ക്രമത്തിൽ, ധോണിയെ നാലാം നമ്പറിൽ ഇറക്കണമെന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണറായ സിദ്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബാറ്റിംഗ് ലൈനപ്പിലെ മറ്റ് പൊസിഷനുകള്‍ പോലെയല്ല നാലാം നമ്പര്‍. ഏകദിന ക്രിക്കറ്റില്‍ ഓപ്പണ്‍ ചെയ്യാന്‍ വളരെ എളുപ്പമാണ്. ബാറ്റ്സ്മാന് ഗ്യാപ്പുകള്‍ കണ്ടെത്താനും പന്ത് ഉയര്‍ത്തി അടിച്ച് സ്കോര്‍ ചെയ്യാനും കഴിയും. ബാറ്റിംഗ് ഓര്‍ഡറിലെ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നാലാം നമ്പറിനെ അപേക്ഷിച്ച് ബാറ്റ് ചെയ്യാന്‍ കുറച്ചുകൂടി എളുപ്പമാണ്. എന്നാല്‍ നാലാം നമ്പറിലിറങ്ങുന്ന കളിക്കാരന്‍ സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയുമാവും സ്കോര്‍ ഉയര്‍ത്തേണ്ടത്."

വിക്കറ്റിനിടയിലൂള്ള ഓട്ടവും പ്രധാനമാണ്. അതുകൊണ്ടാണ് നാലാം നമ്പറില്‍ ധോണിയെ ഇറക്കണമെന്ന് പറയുന്നത്. ഞാന്‍ ധോണിയുടെ കടുത്ത ആരാധകനാണ്. നാലാം നമ്പറില്‍ ഇറക്കിയാല്‍ ധോണിയെ ശരിക്കും ഉപയോഗിക്കാനാവും. നമ്മുടെ കൈയിലുള്ള വലിയ ആയുധം ശരിയായ രീതിയില്‍ ഉപയോഗിക്കേണ്ടതുണ്ട്. വെറുതെ എടുത്തുവെച്ച് ഉപയോഗമില്ലാതെയാക്കരുത്.

വിരാട് കോലിയുടെ സാന്നിധ്യം തന്നെ എതിരാളികളെ ഭയപ്പെടുത്തുന്നതാണ്. സച്ചിന്‍ ഇല്ലാതെ ഇന്ത്യ ഇറങ്ങുമ്പോള്‍ എതിരാളികള്‍ റിലാക്സഡ് ആവാറുണ്ട്. അതുപോലെയാണ് കോലിയും. കോലിയുടെ സാന്നിധ്യം തന്നെ ടീമിന് വലിയ ഊര്‍ജ്ജമാണെന്നും സിദ്ദു പറഞ്ഞു. കമന്‍റേറ്റർ കൂടിയായ 55കാരനായ സിദ്ദു 51 ടെസ്റ്റിലും 136 ഏകദിനത്തിലും ഇന്ത്യൻ തൊപ്പിയണിഞ്ഞിട്ടുണ്ട്.