ലണ്ടന്‍: വിലക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ മിന്നുന്ന ഫോമിലാണ് ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍. ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 89.40 ശരാശരിയില്‍ 447 റണ്‍സാണ് വാര്‍ണര്‍ അടിച്ച് കൂട്ടിയത്. അതില്‍ രണ്ട് സെഞ്ചുറികളും ഉള്‍പ്പെടുന്നു.

ഇന്നലെ ബംഗ്ലാദേശിനെതിരെയും ശതകം നേടിയ വാര്‍ണര്‍ ഇരട്ട സെഞ്ചുറി നേടുമെന്ന തോന്നലുമുണ്ടാക്കി. 147 പന്തുകളില്‍ നിന്ന് അഞ്ച് സിക്‌സും 14 ഫോറും ഉള്‍പ്പെടുന്ന ക്ലാസിക് ഇന്നിംഗ്സ് ആയിരുന്നു വാര്‍ണറുടേത്. പുറത്താകുമ്പോള്‍ 166 റണ്‍സാണ് വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തത്.

അതിനൊപ്പം പേരില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി എഴുതിച്ചേര്‍ത്തു. ലോകകപ്പില്‍ 150ന് മുകളില്‍ രണ്ടു വട്ടം സ്കോര്‍ ചെയ്യുന്ന ആദ്യ ബാറ്റ്സ്മാനായാണ് വാര്‍ണര്‍ മാറിയത്. നേരത്തെ, 2015 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ 164 പന്തില്‍ നിന്ന് 178 റണ്‍സ് വാര്‍ണര്‍ അടിച്ചെടുത്തിരുന്നു. മികച്ച ഫോമിലുള്ള വാര്‍ണര്‍ക്ക് സഹതാരങ്ങള്‍ക്ക് ഇടയില്‍ പുതിയൊരു ഇരട്ടപ്പേരും വീണിട്ടുണ്ട്.

കരിയറില്‍ മുമ്പ് 'ബുള്‍' (കാള) എന്ന പേര് വാര്‍ണര്‍ക്കുണ്ടായിരുന്നു. ഇപ്പോള്‍ 'ഹം-ബുള്‍' എന്ന പേരാണ് വാര്‍ണര്‍ക്ക് വീണിരിക്കുന്നത്. വിനയമുള്ള എന്നര്‍ഥം വരുന്ന 'ഹംബിള്‍' എന്ന വാക്കും 'ബുള്‍' എന്ന മുന്‍ പേരും ചേര്‍ത്താണ് പുതിയ ഇരട്ടപ്പേര്. പുതിയ പേര് വന്ന കാര്യം വാര്‍ണര്‍ തന്നെയാണ് വെളിപ്പെടുത്തിയത്.