ഓവല്‍: ശ്രീലങ്കയെ തകര്‍ത്ത് ലോകകപ്പില്‍ തുടര്‍വിജയങ്ങള്‍ ഓസ്ട്രേലിയ ആഘോഷിക്കുമ്പോള്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ഇരട്ടിമധുരം. മത്സരത്തില്‍ നാലു വിക്കറ്റ് നേടിയതിന് പിന്നാലെ ലോകകപ്പില്‍ ഓസ്ട്രേലിയക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ താരമായി മാറാനും സ്റ്റാര്‍ക്കിന് സാധിച്ചു.

71 വിക്കറ്റുകളുമായി ഒന്നാമത് നില്‍ക്കുന്ന ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന് പിന്നിലാണ് സ്റ്റാര്‍ക്ക് എത്തിയത്. ബ്രെറ്റ് ലീയും ഒപ്പമുണ്ടെങ്കിലും മത്സരങ്ങള്‍ കുറച്ച് മത്സരങ്ങള്‍ മാത്രമാണ് 35 വിക്കറ്റുകള്‍ നേടാന്‍ സ്റ്റാര്‍ക്കിന് വേണ്ടിവന്നുള്ളൂ. 34 വിക്കറ്റുകളുമായി ബ്രാഡ് ഹോഗ്, ഷോണ്‍ ടെയ്റ്റ്, 32 വിക്കറ്റുകളുമായി ഷെയ്ന്‍ വോണ്‍ എന്നിവരാണ് പിന്നിലുള്ളത്.

2015 ലോകകപ്പില്‍ 22 വിക്കറ്റുകള്‍ നേടിയ സ്റ്റാര്‍ക്ക് ഇത്തവണയും വേട്ട തുടരുകയാണ്. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 13 വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് എറിഞ്ഞിട്ടത്. നേരത്തെ,  ലോകകപ്പില്‍ വമ്പന്‍ തിരിച്ചുവരവില്‍ ശ്രീലങ്കയ്‌ക്ക് എതിരെ ഓസ്‌ട്രേലിയ 87 റണ്‍സ് ജയമാണ് സ്വന്തമാക്കിയത്.

ഓസീസിന്‍റെ 334 റണ്‍സ് പിന്തുടര്‍ന്ന ലങ്ക മികച്ച തുടക്കത്തിന് ശേഷം 45.5 ഓവറില്‍ 247ല്‍ പുറത്തായി. ദിമുത് കരുണരത്‌നെയും കുശാല്‍ പെരേരയും അര്‍ദ്ധ സെഞ്ചുറി നേടിയെങ്കിലും നാല് വിക്കറ്റുമായി സ്റ്റാര്‍ക്കും മൂന്ന് പേരെ പുറത്താക്കി റിച്ചാര്‍ഡ്‌സണും ലങ്കയെ തളച്ചു. നേരത്തെ നായകന്‍ ഫിഞ്ചിന്‍റെ സെഞ്ചുറിയാണ് ഓസ്‌ട്രേലിയയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.