ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് ഫൈനലിലെ കാണികളുടെ ആവേശച്ചോര്‍ച്ച ഇന്ത്യന്‍ ആരാധകര്‍ ട്രോളുന്നു.
ലോഡ്‌സ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫൈനലിലെത്താതെ പുറത്തായത് ലോകകപ്പിന് തിരിച്ചടിയായോ. ലോഡ്‌സിലെ കാണികളുടെ തണുപ്പന്‍ പ്രതികരണം കണ്ടാല്‍ ഈ ചോദ്യമുയരുക സ്വാഭാവികം. ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ പോരാട്ടത്തിലെ കലാശക്കൊട്ടിന് ക്രിക്കറ്റിന്‍റെ തട്ടകമായ ലോഡ്‌സ് വേദിയാകുമ്പോഴും ഗാലറിയില്‍ കാര്യമായ ചലനമില്ല.
ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് ഫൈനലിലെ കാണികളുടെ ആവേശച്ചോര്‍ച്ച ഇന്ത്യന്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. സ്വന്തം ടീം മൈതാനത്ത് കളിക്കുമ്പോഴും ഇത്ര നിശബ്ദത പാലിക്കുന്ന ഇംഗ്ലീഷ് ആരാധകരെ ട്രോളുകയാണ് ഇന്ത്യന്‍ ആരാധകര്‍. ലോഡ്‌സിലെ ടെസ്റ്റ് മത്സരങ്ങള്‍ക്ക് കാണികളുടെ പിന്തുണ ഇതിലേറെയുണ്ടെന്നാണ് വിമര്‍ശനം.
ലോകകപ്പില്‍ തങ്ങളുടെ ആദ്യ കിരീടമാണ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ലക്ഷ്യമിടുന്നത്. ഇന്ത്യ സെമിയില്‍ പരാജയപ്പെട്ട് പുറത്തായതോടെ കാണികളുടെ പിന്തുണ കുറയുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏതെങ്കിലുമൊരു ഏഷ്യന്‍ ടീം കലാശപ്പോരിനുണ്ടായിരുന്നെങ്കില്‍ ലോഡ്‌സിലെ മട്ടും ഭാവവും മാറിയേനെ എന്നാണ് വിലയിരുത്തല്‍.
