കാര്‍ഡിഫ്: ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ശ്രീലങ്കയെ 10 വിക്കറ്റിനാണ് ന്യൂസീലന്‍ഡ് തകര്‍ത്തത്. ലങ്കയുടെ 136 റണ്‍സ് 16.1 ഓവറില്‍ കിവീസ് ഓപ്പണര്‍മാര്‍ മറികടക്കുകയായിരുന്നു. വമ്പന്‍ ജയത്തോടെ ഈ ലോകകപ്പില്‍ ജൈത്രയാത്ര തുടങ്ങിയ ന്യൂസീലന്‍ഡിനെ പ്രശംസിക്കുകയാണ് ക്രിക്കറ്റ് ലോകം. മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരണങ്ങളുമായെത്തി.  

ആദ്യം ബാറ്റ് ചെയ്ത ലങ്ക 29.2 ഓവറില്‍ 136ന് ഓള്‍ഔട്ടായി. മൂന്ന് പേരെ വീതം പുറത്താക്കിയ മാറ്റ് ഹെന്‍‌റിയും ലോക്കി പെര്‍ഗൂസനുമാണ് ലങ്കയെ തകര്‍ത്തത്. എട്ട് ലങ്കന്‍ ബാറ്റ്സ്‌മാന്‍മാര്‍ രണ്ടക്കം കടന്നില്ല. 52 റണ്‍സെടുത്ത നായകന്‍ ദിമുത് കരുണരത്‌നെയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. കുശാല്‍ പെരേര(29), തിസാര പെരേര(27) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് രണ്ടു പേര്‍. 

കിവീസ് ഓപ്പണര്‍മാര്‍ 137 റണ്‍സ് വിജയലക്ഷ്യം 16.1 ഓവറില്‍ മറികടന്നു. മാര്‍ട്ടിന്‍ ഗപ്‌റ്റിലും കോളിന്‍ മണ്‍റോയും അര്‍ദ്ധ സെഞ്ചുറി. ഗപ്റ്റില്‍ 51 പന്തില്‍ 73 റണ്‍സും മണ്‍റോ 47 പന്തില്‍ 58 റണ്‍സും നേടി. ജയത്തോടെ സുപ്രധാന നേട്ടത്തിലെത്തി കിവീസ്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം മൂന്ന് തവണ 10 വിക്കറ്റിന് ജയിക്കുന്നത്.