ദില്ലി: ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽനിർത്തി മാഞ്ചസ്റ്ററിൽ ഇന്ത്യ-പാക് മത്സരം പുരോ​ഗമിച്ച് കൊണ്ടിരിക്കുകയാണ്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ 43 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തോടെ 281 റണ്‍സെടുത്തിട്ടുണ്ട്. അതിനിടയിൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുന്ന ഇന്ത്യയ്ക്ക് ആവേശം പകരാൻ എത്തിയിരിക്കുകയാണ് പാക്കിസ്ഥാനിൽ നിന്നൊരു മുത്തശ്ശി.

ലോകകപ്പിൽ ഇന്ത്യയാണോ പാക്കിസ്ഥാനാണോ ജയിക്കുക എന്ന ചോദ്യത്തിന് ഇന്ത്യ എന്നായിരുന്നു മുത്തശ്ശിയുടെ മറുപടി. പാക്കിസ്ഥാൻ സ്വദേശിയായിരുന്നിട്ടും ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ ജയിക്കുമെന്ന മുത്തശ്ശിയുടെ പ്രവചനം ആഘോഷിക്കുകയാണ് സോഷ്യൽമീഡിയ. മാധ്യമപ്രവർത്തക നിള നിയാത്താണ് വീഡിയോ ട്വിറ്റിൽ പങ്കുവച്ചിരിക്കുന്നത്.

മുത്തശ്ശിയുമായി ഒരു യുവതി നടത്തുന്ന സംഭാഷണമാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയാണോ അതോ പാക്കിസ്ഥാനാണോ നല്ലത്? എന്ന ചോദ്യത്തിന് ഇന്ത്യ എന്ന് വളരെ പെട്ടെന്ന് മുത്തശ്ശി മറുപടി പറയുന്നത് വീഡിയോയിൽ‌ കാണാം. അല്ല മുത്തശ്ശി, നമ്മൾ ജീവിക്കുന്നത് പാക്കിസ്ഥാനിലാണ്, പാക്കിസ്ഥാനാണ് നമ്മുടെ രാജ്യം, യുവതി പറഞ്ഞു. നമ്മൾ ഇന്ന് പാക്കിസ്ഥാനിലാണ് ജീവിക്കുന്നത്. ഒരുക്കാലത്ത് ഇത് ഇന്ത്യമാത്രമായിരുന്നു, എന്നായിരുന്നു യുവതിക്ക് മുത്തശ്ശി നൽകിയ മറുപടി. ട്വിറ്ററിൽ മാത്രം 34000ത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്.