സ്വന്തം നാട്ടില്‍ നിന്ന് ഒരാള്‍ ലോകകപ്പില്‍ കളിക്കുകയെന്ന് പറയുന്നത് അന്നാട്ടുകാര്‍ക്ക് അഭിമാനമാണ്. ശ്രീശാന്തിന് ലോകകപ്പില്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ മലയാളികള്‍ സന്തോഷിച്ചത് ഇതുകൊണ്ടാണ്. ലോകകപ്പില്‍ കളിക്കുന്ന താരത്തിന്റെ വീട്ടുകാര്‍ക്കുണ്ടാകുന്ന സന്തോഷം പറയാനുണ്ടോ? എന്നാല്‍ ഒരു കുടുംബത്തില്‍ നിന്ന് ഒന്നില്‍ക്കൂടുതല്‍ പേര്‍ക്ക് ലോകകപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചാലോ?

കെനിയയുടെ ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്കാണ് 2011ല്‍ അവസരം ലഭിച്ചത്. ഒബൂയ സഹോദരന്‍‌മാരാണ് ആ ഭാഗ്യവാന്‍‌മാര്‍. കോളിന്‍സ് ഒബൂയ, ഡേവിഡ് ഒബൂയ എന്നിവരാണ് അവര്‍. 2003 ലോകകപ്പില്‍ ഇവര്‍ക്കൊപ്പം മറ്റൊരു സഹോദരന്‍കൂടി കെനിയയുടെ ടീമിലുണ്ടായിരുന്നു-കെന്നഡി ഒബൂയ ഒട്ടീനോ.

ലെഗ് സ്‍പിന്നറായി എത്തിയ കോളിന്‍സ് ഒബൂയ പിന്നീട് കെനിയയുടെ മികച്ച വലംകൈയ്യന്‍ ബാറ്റ്‍സ്‍മാന്‍ കൂടിയാണ്.

കെനിയയുടെ ദീര്‍ഘകാലത്തെ വിക്കറ്റ് കീപ്പറായിരുന്നു കെന്നഡി ഒട്ടിനോ. ഒട്ടിനോയുടെ ഇളയ സഹോദരനാണ് വിക്കറ്റ് ഒബൂയ. കെനിയയുടെ മികച്ച ബാറ്റ്‌സ്‍മാനായിരുന്നു.

ഓസീസിന്റെ ലോകകപ്പ് ടീമിലും സഹോദരന്‍‌മാര്‍ കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടന്ന 1996-ലോകകപ്പില്‍ വോ സഹോദരന്‍‌മാരാണ് ഓസീസിന് വേണ്ടി കളിച്ചത്. മാര്‍ക്ക് വോ 1996 ലോകകപ്പില്‍ ടീമിലെ നിര്‍ണ്ണായക താരമായിരുന്നു. വോ സഹോദരന്‍‌മാരില്‍ മുതിര്‍ന്നയാളായ സ്റ്റീവോ 1999ല്‍ ലോകകപ്പ് നേടിയ ഓസീസ് ടീമിന്റെ ക്യാപ്റ്റനായിരുന്നു.

പ്രഥമ ക്രിക്കറ്റ് ലോകകപ്പിലും ഇങ്ങനെ അപൂര്‍വസഹോദരങ്ങള്‍ ഉണ്ടായിരുന്നു. 1975ല്‍ നടന്ന ലോകകപ്പില്‍ ന്യൂസിലാന്റ് ടീമില്‍ മൂന്ന് സഹോദരങ്ങളാണ് കളിച്ചത്. സര്‍ റിച്ചാര്‍ഡ് ഹാഡ്‌ലി, ബാരി ഹാഡ്‌ലി, ഡെയ്‌ല്‍ ഹാഡ്‌ലി എന്നിവരാണ് അവര്‍. ന്യൂസ്‌ലാന്റിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റനായിരുന്ന വാള്‍ടെര്‍ ഹാഡ്‌ലിയുടെ മക്കളായിരുന്നു ഇവര്‍ എന്ന പ്രത്യേകതയുമുണ്ട്.

സര്‍ റിച്ചാര്‍ഡ് ഹാഡ്‌ലി ന്യൂസിലാന്റിന്റെ എക്കാലത്തെയും മികച്ച വലംകയ്യന്‍ പേസ് ബൌളറാണ്. ഓള്‍‌റൌണ്ടര്‍ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു റിച്ചാര്‍ഡ് ഹാഡ്‌ലി. ഡെയ്‌ല്‍ ഹാഡ്‌ലി മീഡിയം പേസ് ബൌളറെന്ന നിലയിലാണ് ടീമില്‍ ഇടം‌പിടിച്ചത്. എന്നാല്‍ സഹോദരന്‍‌മാരില്‍ നിന്ന് വ്യത്യസ്‍തമായി ബാരി ഹാഡ്‌ലി വലം‌കയ്യന്‍ ബാറ്റ്‍സ്‍മാന്‍‌മാനായിരുന്നു.