ആരാധകരെ നിരാശരാക്കാതെ മിന്നുന്ന വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീം രണ്ടാം മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്.  

ലണ്ടന്‍: ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ലോകകപ്പില്‍ വലിയ തുടക്കം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ആരാധകരെ നിരാശരാക്കാതെ മിന്നുന്ന വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീം രണ്ടാം മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്. ഓസ്ട്രേലിയക്കെതിരെ നാളെയാണ് ഇന്ത്യയുടെ രണ്ടാമത്തെ മാച്ച്. ദക്ഷിണാഫ്രിക്കക്കെതിരായ വലിയ വിജയത്തിന് പിന്നാലെ ഇന്ത്യ ടീമിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓള്‍റൗണ്ടര്‍ ജാക് കാലിസ്. 

'ദക്ഷിണാഫ്രിക്കയേക്കാള്‍ ഇന്ത്യന്‍ ടീമാണ് പ്രതീക്ഷ നല്‍കുന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തിനായി ഇന്ത്യന്‍ ടീമിന് ഏറെ കാത്തിരിക്കേണ്ടി വന്നു. ലോകകപ്പ് മത്സരങ്ങള്‍ ആരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും കളിക്കളത്തില്‍ ഇറങ്ങാന്‍ സാധിക്കാത്തത് ടീമിനെ ദേഷകരമായി ബാധിക്കുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു'. എന്നാല്‍ ഇപ്പോള്‍ അതിനുള്ള ഉത്തരം ലഭിച്ചിരിക്കുകയാണെന്ന് ഇന്ത്യന്‍ ടീമിന്‍റെ വിജയം ചൂണ്ടിക്കാണിച്ച് കാലിസ് വ്യക്തമാക്കി.

ഇന്ത്യന്‍ ടീം ഈ ലോകകപ്പിലെ ഏറ്റവും ആകര്‍ഷണിയമായ ടീമാണെന്നും കാലിസ് കൂട്ടിച്ചേര്‍ക്കുന്നു. ഹാഫ് ഡു പ്ലസിയുടെ നേതൃത്വത്തിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം ലോകകപ്പില്‍ ആദ്യ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോടും രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനോടും മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യയോടുമാണ് ടീം പരാജയം ഏറ്റുവാങ്ങിയത്. ഇനി ആറു മത്സരങ്ങളാണ് ടീമിന് അവശേഷിക്കുന്നത്.