മാഞ്ചസ്റ്റര്‍: ഈ ലോകകപ്പില്‍ സെഞ്ചുറികള്‍ കൊണ്ട് റെക്കോര്‍ഡുകള്‍ വെട്ടിപ്പിടിക്കുന്ന രോഹിത് ശര്‍മ്മ സെമിയില്‍ കിവീസിന് എതിരെയും കൊതിക്കുന്നത് ചരിത്ര നേട്ടങ്ങള്‍. ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ക്കാനാണ് ഹിറ്റ്മാന്‍ ഇറങ്ങുന്നത്. 

ദക്ഷിണാഫ്രിക്കയില്‍ നടന്ന 2003 ലോകകപ്പില്‍ 673 റണ്‍സ് നേടിയ സച്ചിനെ മറികടക്കാന്‍ ഹിറ്റ്‌മാന് 27 റണ്‍സ് കൂടി മതി. 2007 ലോകകപ്പില്‍ 659 റണ്‍സ് നേടിയ ഓസ്‌ട്രേലിയന്‍ മുന്‍ താരം മാത്യൂ ഹെയ്‌ഡന്‍ സച്ചിന് പിന്നില്‍ രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്തുള്ള രോഹിത് ഈ ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് സെഞ്ചുറികളടക്കം 647 റണ്‍സാണ് അടിച്ചെടുത്തത്. 

ഒരു സെഞ്ചുറി കൂടി നേടിയാല്‍ ലോകകപ്പ് ചരിത്രത്തില്‍ കൂടുതല്‍ ശതകങ്ങള്‍ നേടിയ സച്ചിന്‍റെ റെക്കോര്‍ഡും രോഹിത് തകര്‍ക്കും. ആറ് സെഞ്ചുറിയുമായി സച്ചിനൊപ്പമാണ് രോഹിതിപ്പോള്‍. സച്ചിന്‍ 44 ഇന്നിംഗ്‌സില്‍ നിന്ന് ഇത്രയും സെഞ്ചുറി നേടിയപ്പോള്‍ രോഹിതിന് 16 ഇന്നിംഗ്‌സേ വേണ്ടിവന്നുള്ളൂ. ഒരു ലോകകപ്പില്‍ നാല് സെഞ്ചുറികള്‍ നേടിയ കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡ് നേരത്തെ ഹിറ്റ്‌മാന്‍ മറികടന്നിരുന്നു.