മാഞ്ചസ്റ്റര്‍: തന്‍റെ കരിയറിലെ 24-ാം സെഞ്ചുറി നേട്ടം പാക്കിസ്ഥാനെതിരെ ലോകകപ്പില്‍ ആഘോഷിച്ച രോഹിത് ശര്‍മ കുറിച്ചത് മറ്റൊരു റെക്കോര്‍ഡ് കൂടി. പാക്കിസ്ഥാനെതിരെ ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചായി രണ്ട് ശതകങ്ങള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായാണ് ഹിറ്റ്മാന്‍ മാറിയത്.

2018 ഏഷ്യാ കപ്പില്‍ ആണ് പാക് പടയ്ക്ക് എതിരെ രോഹിത് സെഞ്ചുറി നേടിയിരുന്നു. അന്ന് 238 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വച്ച് പാക്കിസ്ഥാനെ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. രോഹിത് 111 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ശിഖര്‍ ധവാന്‍ 114 റണ്‍സും നേടി. ഇപ്പോള്‍ ലോകകപ്പില്‍ വീണ്ടും ഇന്ത്യ-പാക് പോരാട്ടം വന്നപ്പോള്‍ വീണ്ടും സെഞ്ചുറി വീര്യം രോഹിത് പുറത്തെടുത്തു.

113 പന്തില്‍ രോഹിത് മാഞ്ചസ്റ്ററില്‍ അടിച്ചെടുത്തത് 140 റണ്‍സാണ്. ഓള്‍ഡ് ട്രാഫോഡില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ നിറഞ്ഞാടിയപ്പോള്‍ ലോകകപ്പില്‍ ഗ്ലാമര്‍ പോരില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോറാണ് സ്വന്തമാക്കിയത്. ബാറ്റിങ് ദുഷ്‌കരമായിരുന്ന പിച്ചില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ എല്ലാം അനായാസമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മയുടെ (140) സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് അടിച്ചെടുത്തത്. രോഹിത്തിന് പുറമെ കെ.എല്‍ രാഹുല്‍ (57), ക്യാപ്റ്റന്‍ വിരാട് കോലി (77) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ആമിര്‍ മൂന്ന് വിക്കറ്റെടുത്തു.