ലണ്ടന്‍: ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍ കടക്കാതെ പുറത്തായപ്പോഴും ടീമിന് ആശ്വാസമായത് ആക്രമിച്ച് കളിച്ച ജഡേജയും പൊരുതി നിന്ന ധോണിയുമായിരുന്നു. എട്ടാം വിക്കറ്റില്‍ ഇറങ്ങിയ ജഡേജ 59 പന്തില്‍ നിന്നും 77 റണ്‍സെടുത്ത ശേഷമാണ് പുറത്തായത്.

നിര്‍ണായകഘട്ടത്തില്‍ അവസരത്തിനൊത്ത് ഉയര്‍ന്ന ജഡേജ 39 പന്തില്‍ നിന്നാണ് അര്‍ധസെഞ്ചുറി നേടിയത്. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് താരം അര്‍ധസെഞ്ചുറി നേടിയപ്പോള്‍  ഇന്ത്യയുടെ ഡ്രസിംഗ് റൂമില്‍ നിന്നും വലിയ ആവേശമുയര്‍ന്നു. ജഡേജ അര്‍ധസെഞ്ചുറി നേടിയ സമയത്ത് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ ഒരു പ്രതികരണമാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

നേരത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളായിരുന്നു ജഡേജയ്ക്ക് നേരിടേണ്ടി വന്നത്. മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ ജഡേജയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു. ജഡേജ ഒരു 'തട്ടിക്കൂട്ട്' കളിക്കാരനാണെന്നും ഏകദിന ടീമില്‍ കളിക്കാനുള്ള യോഗ്യത അദ്ദേഹത്തിനില്ലെന്നുമായിരുന്നു മഞ്ജരേക്കറിന്‍റെ അഭിപ്രായപ്രകടനം. ഇതിനെല്ലാം മറുപടിയായി മിന്നും പ്രകടനമാണ് താരം പുറത്തെടുത്തത്.