ലണ്ടന്‍: ലോകകപ്പില്‍ ആദ്യമത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതോടെ വലിയ വിമര്‍ശനങ്ങളാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിക്ക് നേരിടേണ്ടി വന്നത്. താരത്തിന്‍റെ വിരമിക്കലിനായും മുറവിളി ഉയര്‍ന്നു. എന്നാല്‍ സെമിഫൈനലില്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചത് ധോണിയായിരുന്നു. ഏഴാം വിക്കറ്റില്‍ ജഡേജയ്ക്കൊപ്പം ചേര്‍ന്ന് ഇന്ത്യയെ കരകയറ്റിയ ധോണി അര്‍ധസെഞ്ചുറിയുമായാണ് കളം വിട്ടത്.

മത്സരത്തിന് പിന്നാലെ  മുതിര്‍ന്ന താരങ്ങളടക്കം ധോണിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. അതിനിടെ ധോണി ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കണോ എന്ന ചോദ്യത്തിന് പ്രതികരിച്ചിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. എകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയെന്നത് ധോണിയുടെ സ്വന്തം തീരുമാനമായിരിക്കണമെന്നും അദ്ദേഹത്തിന് അതിനുള്ള സ്പേസ് നല്‍കണമെന്നും സച്ചിന്‍ പറഞ്ഞു.  

"മികച്ച താരമാണ് എംഎസ് ധോണി. ഇന്ത്യക്ക് വേണ്ടി അദ്ദേഹം നല്‍കിയ സംഭാവനകളെ എല്ലാവരും വിലമതിക്കണം. അദ്ദേഹത്തിന്‍റേതു പോലൊരു വിജയകരമായ കരിയര്‍ മറ്റാര്‍ക്കും അവകാശപ്പെടാന്‍ സാധിക്കില്ല.  ടീം വലിയ തകര്‍ച്ചയെ നേരിടുമ്പോഴും അദ്ദേഹം ക്രീസില്‍ ഉണ്ടെങ്കില്‍ അതിനര്‍ത്ഥം മത്സരം അവസാനിച്ചിട്ടില്ലെന്നാണ്.

തകര്‍ച്ചയിലും ധോണിയുണ്ടെന്നും അദ്ദേഹത്തിന് കളി വിജയിപ്പിക്കാന്‍ സാധിക്കുമെന്നും ജനങ്ങള്‍ ഇപ്പോഴും  വിശ്വസിക്കുന്നു.  ഇന്ത്യന്‍ ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ സംഭാവനകളാണ് അദ്ദേഹത്തിനുള്ള ജനങ്ങളുടെ ആ പിന്തുണയും വിശ്വാസവും പ്രതിഫലിപ്പിക്കുന്നതെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.