ലണ്ടന്‍: 2007ൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ആലോചിച്ചിരുന്നുവെന്ന് ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. വിവിയൻ റിച്ചാർഡ്സിന്‍റെ ഉപദേശപ്രകാരമാണ് വിരമിക്കൽ തീരുമാനത്തിൽ നിന്ന് പിൻമാറിയതെന്നും സച്ചിൻ പറഞ്ഞു. 2007 ലോകകപ്പിൽ ഇന്ത്യൻ ടീം ആദ്യറൗണ്ടിൽ പുറത്തായതാണ് തന്‍റെ ക്രിക്കറ്റ് ജീവിതത്തിലെ മോശം കാലഘട്ടം. 

ഇന്ത്യൻ ക്രിക്കറ്റിൽ പൊതുവെ ആരോഗ്യകരമായ കാര്യങ്ങളായിരുന്നില്ല നടന്നിരുന്നത്. ക്രിക്കറ്റ് ഉപേക്ഷിക്കാമെന്ന് 90 ശതമാനവും തീരുമാനിച്ചിരുന്നു. അപ്പോഴാണ് വിവിയൻ റിച്ചാർഡ്സ് ഫോണിൽ വിളിച്ചത്. ഇനിയും ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കാൻ ഉണ്ടെന്നും വിരമിക്കൽ തീരുമാനം മാറ്റണമെന്നും അദ്ദേഹം ഉപദേശിച്ചുവെന്നും സച്ചിൻ പറഞ്ഞു.

ഇത്തവണത്തെ ലോകകപ്പിൽ ഇംഗ്ലണ്ട്, ഇന്ത്യ , ഓസ്ട്രേലിയ എന്നിവ‍ർക്കാണ് കിരീടസാധ്യതയെന്നും ഈമാസം പതിനാറിന് പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ ജയിക്കുമെന്നും സച്ചിൻ കൂട്ടിച്ചേര്‍ത്തു.