Asianet News MalayalamAsianet News Malayalam

തന്‍റെ ആ റെക്കോര്‍ഡ് ഇത്തവണ ആ താരം തകര്‍ക്കണം; സച്ചിന് ആഗ്രഹം

എല്ലാ വിമശകര്‍ക്കും മനോഹരമായ മറുപടി ബാറ്റിലൂടെ ശിഖര്‍ ധവാന്‍ നല്‍കി. തള്ളവിരലിന് പരിക്കേറ്റപ്പോള്‍ ശിഖര്‍ ഇനി കളത്തില്‍ തുടരില്ലെന്ന് കരുതി. എന്നാല്‍, തുടര്‍ന്നും ബാറ്റ് ചെയ്ത് ധവാന്‍ അത്ഭുതപ്പെടുത്തിയെന്ന് സച്ചിന്‍ പറഞ്ഞു

sachin wants to break his century record by shikhar dhawan
Author
London, First Published Jun 11, 2019, 10:54 AM IST

ലണ്ടന്‍: ലോക ക്രിക്കറ്റിലെ ബാറ്റിംഗ് റെക്കോര്‍ഡുകളില്‍ ഏറിയ പങ്കും പേരിലെഴുതിയ താരമാണ് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. സച്ചിന്‍ കുറിച്ചിട്ട ചരിത്രങ്ങളില്‍ പലതും എത്തിപ്പിടിക്കാന്‍ വിരാട് കോലിക്ക് സാധിക്കുമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.

എന്നാല്‍, തന്റെ ഒരു റെക്കോര്‍ഡ് ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ തകര്‍ക്കണമെന്ന ആഗ്രഹമാണ് ഇപ്പോള്‍ മാസ്റ്റര്‍ബ്ലാസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഏറ്റവും അധികം സെഞ്ചുറി നേടി കളിക്കാരെന്ന റെക്കോര്‍ഡ് സച്ചിനും സൗരവ് ഗാംഗുലിയും പങ്കിടുന്നതാണ്. ഏഴു വീതം സെഞ്ചുറികളാണ് ഇരുവരും നേടിയിരിക്കുന്നത്.

ആ റെക്കോര്‍ഡ് ഇത്തവണ ഇന്ത്യന്‍ ഓപ്പണറായ ശിഖര്‍ ധവാന്‍ തകര്‍ക്കണമെന്ന് സച്ചിന്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. ഓസ്ട്രേലിയക്കെതിരെയുള്ള സെഞ്ചുറിയോടെ ഐസിസി ടൂര്‍ണമെന്‍റുകളില്‍ ധവാന്‍റെ ശതകങ്ങളുടെ എണ്ണം ആറായി. ഇപ്പോള്‍ റിക്കി പോണ്ടിംഗിനും കുമാര്‍ സംഗക്കാരയ്ക്കും ഒപ്പമാണ് ധവാന്‍.

2015 ലോകകപ്പ്, രണ്ട് ചാമ്പ്യന്‍സ് ട്രോഫി എന്നീ ടൂര്‍ണമെന്‍റുളിലേത് ഉള്‍പ്പെടെയാണ് ധവാന്‍റെ ആറ് സെഞ്ചുറിയുടെ അപൂര്‍വ്വ നേട്ടം. ശിഖര്‍ ഈ ലോകകപ്പില്‍ തന്നെ സെഞ്ചുറികളുടെ ആ റെക്കോര്‍ഡ് തകര്‍ക്കട്ടെയെന്ന് സച്ചിന്‍ പറഞ്ഞു. ഇംഗ്ലണ്ടില്‍ അത് സംഭവിച്ചാല്‍ അത് ഇന്ത്യ മികച്ച രീതിയില്‍ കളിക്കുന്നു എന്നതിന്‍റെ സൂചനയാണ്. 

എതിര്‍ ടീമിലെ ബൗളര്‍മാര്‍ക്ക് തലവേദന സമ്മാനിക്കുന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് സാധിക്കണം. എല്ലാ വിമശകര്‍ക്കും മനോഹരമായ മറുപടി ബാറ്റിലൂടെ ശിഖര്‍ ധവാന്‍ നല്‍കി. തള്ളവിരലിന് പരിക്കേറ്റപ്പോള്‍ ശിഖര്‍ ഇനി കളത്തില്‍ തുടരില്ലെന്ന് കരുതി. എന്നാല്‍, തുടര്‍ന്നും ബാറ്റ് ചെയ്ത് ധവാന്‍ അത്ഭുതപ്പെടുത്തിയെന്ന് സച്ചിന്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios