നാട്ടിലേക്ക് പോകുന്ന സുഹൃത്തിന്റെ കൈയില്‍ പാഴ്സലായി കൊടുത്തവിടാന്‍ ഏല്‍പ്പിച്ചതായിരുന്നു പുരസ്കാരങ്ങള്‍.

മുംബൈ:ലോകകപ്പില്‍ കിട്ടിയ മൂന്ന് മാന്‍ ഓഫ് ദ് മാച്ച് അവാര്‍ഡുകള്‍ നഷ്ടപ്പെട്ടശേഷം തിരികെകിട്ടിയ കഥ വെളിപ്പെടുത്തി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യ ടുഡേയുടെ സലാം ക്രിക്കറ്റ് ടോക് ഷോയിലായിരുന്നു സച്ചിന്റെ രസകരമായ വെളിപ്പെടുത്തല്‍. ദക്ഷിണാഫ്രിക്കയില്‍ നടന്ന 2003ലെ ഏകദിന ലോകകപ്പില്‍ മാന്‍ ഓഫ് ദ് മാച്ച് പുര്സകാരമായി ലഭിച്ച മൂന്ന് സ്വര്‍ണ വാച്ചുകള്‍ ആണ് ഒരു ചൈനീസ് റസ്റ്ററന്റില്‍ വെച്ചു മറന്നതെന്ന് സച്ചിന്‍ പറഞ്ഞു.

നാട്ടിലേക്ക് പോകുന്ന സുഹൃത്തിന്റെ കൈയില്‍ പാഴ്സലായി കൊടുത്തുവിടാന്‍ ഏല്‍പ്പിച്ചതായിരുന്നു പുരസ്കാരങ്ങള്‍. ഞങ്ങള്‍ ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിച്ചശേഷം റസ്റ്ററന്റില്‍ നിന്ന് ഇറങ്ങി കുറച്ചു സമയം കഴിഞ്ഞാണ് പുരസ്കാരങ്ങള്‍ അടങ്ങിയ പാഴ്സല്‍ അവിടെവെച്ച് മറന്ന കാര്യം സുഹൃത്ത് എന്നോട് പറയുന്നത്. ഭാഗ്യത്തിന് ആ ഹോട്ടലിലെ ഫോണ്‍ നമ്പര്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു.

ഉടന്‍ തന്നെ അവിടെ വിളിച്ച് ചോദിച്ചു.അതില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരങ്ങളാണെന്ന് അവരോട് പറഞ്ഞിരുന്നില്ല. എന്റെ സ്പോര്‍ട്സ് ഷൂ അടങ്ങിയ ബാഗ് അവിടെവെച്ച് മറന്നു എന്നായിരുന്നു പറഞ്ഞത്. അവിടെച്ചെന്നപ്പോള്‍ ആ പാഴ്സലുകള്‍ അവിടെത്തന്നെ ഉണ്ടായിരുന്നു. ഒരിക്കലും വിലമതിക്കാനാവാത്ത പുരസ്കാരങ്ങളായിരുന്നു അത്. കാരണം പിന്നീടൊരിക്കലും അത് വാങ്ങാന്‍ പറ്റില്ലല്ലോ. പിന്നീട് ആ സുഹൃത്തിനെ കാണുമ്പോഴെല്ലാം ഇക്കാര്യം പറഞ്ഞ് താന്‍ കളിയാക്കാറുണ്ടെന്നും സച്ചിന്‍ പറഞ്ഞു.