ബംഗ്ലാദേശിന് എതിരായ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഒരു പ്രധാന ചോദ്യമുയര്‍ന്നത്.
ലണ്ടന്‍: സെമിയിലേക്കുള്ള വളരെ നേരിയ സാധ്യതയുമായാണ് പാക്കിസ്ഥാന്‍, ബംഗ്ലാദേശിനെതിരായ മത്സരം കളിക്കുന്നത്. ലോഡ്‌സില്‍ വലിയ സ്‌കോര്‍ പടുത്തുയര്‍ത്തുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് മത്സരത്തിന് മുന്നോടിയായി പാക്ക് നായകന്‍ സര്‍ഫറാസ് അഹമ്മദ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഒരു സുപ്രധാന ചോദ്യത്തില്‍ നിന്ന് സര്‍ഫറാസ് പിന്മാറി. ബംഗ്ലാദേശിന് എതിരായ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഒരു പ്രധാന ചോദ്യമുയര്‍ന്നത്. ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷമാണോ പാക്കിസ്ഥാന്റെ പരാജയങ്ങള്‍ ആരംഭിച്ചതെന്നായിരുന്നു ചോദ്യം. എന്നാല്‍ ചോദ്യം മുഴുവനായി കേട്ട ശേഷം മാധ്യമ പ്രവര്‍ത്തകനെ പൂര്‍ണമായി അവഗണിച്ച സര്‍ഫറാസ് അടുത്ത ചോദ്യം ചോദിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
2017 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന്‍ കിരീടം നേടിയത്. അതിന് പിന്നാലെ നടന്ന പരമ്പരകളില്‍ ഓസ്ട്രേലിയയോട് 5-0 ത്തിനും ഇംഗ്ലണ്ടിനോട് 4-0 ത്തിനും പാക്കിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു.
