ലണ്ടന്‍: ലോക ക്രിക്കറ്റിലെ ഏത് കൊമ്പന്‍മാര്‍ക്കും ഭീഷണിയാണ് ടീം ഇന്ത്യ. ലോകകപ്പില്‍ ഏറ്റവും വാശിയേറിയ മത്സരത്തില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത് ഒടുവിലത്തെ തെളിവ്. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ വളര്‍ച്ചയ്‌ക്ക് പിന്നിലെ കാരണമെന്ത് എന്ന ചോദ്യം എതിരാളികള്‍ ഉയര്‍ത്തുക സ്വാഭാവികം.

മുന്‍ പാക്കിസ്ഥാന്‍ താരം അഫ്രിദി ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുന്നു. ഐപിഎല്ലാണ് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ വളര്‍ച്ചയ്‌ക്ക് പിന്നിലെ കാരണം എന്നാണ് അഫ്രിദിയുടെ വാക്കുകള്‍. പാക്കിസ്ഥാനെതിരെ മഴനിയമം പ്രകാരം 89 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിക്കുകയും ചെയ്തു അഫ്രിദി.

വിജയത്തില്‍ ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍. ഇന്ത്യ അവിസ്‌മരണീയ മികവാണ് കാഴ്‌ചവെക്കുന്നത്, ഐപിഎല്ലാണ് ഇന്ത്യന്‍ ടീമിന്‍റെ ഈ വളര്‍ച്ചയ്‌ക്ക് പിന്നില്‍. യുവതാരങ്ങളെ സമ്മര്‍ദങ്ങള്‍ അതിജീവിക്കാന്‍ ഐപിഎല്‍ പ്രാപ്‌തമാക്കിയതായും അഫ്രിദി ട്വീറ്റ് ചെയ്‌തു.