മാഞ്ചസ്റ്റര്‍: ആഘോഷത്തിൽ എപ്പോഴും മുൻപിലാണ് വിൻഡീസ് താരങ്ങൾ. എന്നാല്‍ ലോകകപ്പില്‍ വ്യത്യസ്തമായ ആഘോഷത്തിലൂടെ ഗാലറിയുടെ കയ്യടി വാങ്ങിയത് കരീബിയന്‍ പേസർ ഷെൽഡോൺ കോട്രലായിരുന്നു. ആക്രമണകാരിയായ പേസർ ചിലപ്പോൾ അച്ചടക്കമുള്ള പട്ടാളക്കാരനാകും കളിക്കളത്തിൽ.

ക്രിക്കറ്റ് ആനന്ദവും ആർമി ജീവിതവും എന്ന് മാറ്റിയെഴുതിയതാണ് കോട്രൽ. ജമൈക്കൻ പട്ടാളത്തിലെ ഉദ്യോഗസ്ഥനാണ് ഷെൽഡൺ കോട്രൽ. സൈനികരോടുള്ള ആദരമാണ് വിക്കറ്റ് നേടുമ്പോഴുള്ള തന്‍റെ സല്യൂട്ടെന്ന് പറയുന്നു താരം. അങ്ങനെ വിക്കറ്റ് ലഭിക്കുമ്പോള്‍ എല്ലാം ലോകകപ്പില്‍ കോട്രല്‍ സല്യൂട്ട് ചെയ്തു കൊണ്ടിരുന്നു.

ഇന്ത്യക്കെതിരെയും ഇത് തുടര്‍ന്നു. മുഹമ്മദ് ഷമിയുടെ വിക്കറ്റ് എടുത്തപ്പോഴും കോട്രല്‍ സല്യൂട്ട് അടിച്ചു. പക്ഷേ, സംഭവം അവിടെ തീര്‍ന്നില്ല. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ഓരോന്നായി കളി മറന്നപ്പോള്‍ കോട്രല്‍ ക്രീസിലെത്തി. ഒരു ഫോറും സിക്സും പായിച്ച് അത്യാവശ്യം ബാറ്റിംഗും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച കോട്രലിനെ ചഹാല്‍ എല്‍ബിഡബ്ല്യൂവിലൂടെ പുറത്താക്കി.

തന്നെ പുറത്താക്കിയ കോട്രലിന്‍റെ വിക്കറ്റ് സ്വന്തമാക്കനാവാത്തതിന്‍റെ നിരാശ ഷമി തീര്‍ത്തത് മറ്റൊരു തരത്തിലാണ്. കോട്രല്‍ തിരികെ മടങ്ങുമ്പോള്‍ നല്ല ഒന്നാം തരം ഒരു സല്യൂട്ട് അങ്ങോട്ടും നല്‍കി. എന്താലായും ഷമിയുടെ സല്യൂട്ട് കണ്ട് കോട്രലും ചിരിച്ചതോടെ സംഭവം കൗതുകമായി മാറി.