കരിയറിന്റെ തുടക്കകാലത്ത് ഇങ്ങനെയുണ്ടായിരുന്നില്ല. പിന്നീട് 2017-ല്‍ ഓസ്‌ട്രേലിയന്‍ പര്യടന സമയത്ത് ഷെയ്ന്‍ വാട്‌സന്റെ ക്യാച്ച് എടുത്തതോടെയാണ് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന 'ഗബ്ബാര്‍' ഇത്തരമൊരു സ്‌റ്റൈല്‍ പിന്തുടര്‍ന്നത്.

ലണ്ടന്‍: ശിഖര്‍ ധവാന്‍ ഇന്ത്യന്‍ സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍ തന്നെ. എന്നാല്‍ അതിലും സ്‌പെഷ്യലാണ് ബൗണ്ടറിക്കരുകില്‍ നിന്നും ക്യാച്ച് എടുത്തതിനു ശേഷം, കാണികള്‍ക്കു നേരെ തിരിഞ്ഞുള്ള ധവാന്‍റെ സ്‌പെഷ്യല്‍ ആഘോഷം. കരിയറിന്റെ തുടക്കകാലത്ത് ഇങ്ങനെയുണ്ടായിരുന്നില്ല. പിന്നീട് 2017-ല്‍ ഓസ്‌ട്രേലിയന്‍ പര്യടന സമയത്ത് ഷെയ്ന്‍ വാട്‌സന്റെ ക്യാച്ച് എടുത്തതോടെയാണ് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന 'ഗബ്ബാര്‍' ഇത്തരമൊരു സ്‌റ്റൈല്‍ പിന്തുടര്‍ന്നത്. കബഡിയിലെ വിജയ ആഘോഷമാണിത്. ക്രിക്കറ്റ് കഴിഞ്ഞാല്‍ ധവാന് ഏറ്റവുമിഷ്ടം കബഡിയാണ്.

നല്ലൊന്നാന്തരം കബഡി കളിക്കാരനായ ധവാന്‍ പ്രിയപ്പെട്ട മത്സരങ്ങള്‍ ഉള്ളപ്പോള്‍ ടിവിയുടെ മുന്നില്‍ നിന്നും മാറുകയേ ഇല്ലത്രേ. ക്യാച്ച് എടുക്കുമ്പോള്‍ മാത്രമല്ല ധവാന്റെ കബഡി ആഘോഷം. മറിച്ച് സെഞ്ചുറി നേടുമ്പോഴുള്ള നെഞ്ചു വിരിച്ചുള്ള നില്‍പ്പും കബഡിയുടെ വിജയമുദ്രയാണ്. ഈ ലോകകപ്പില്‍ ഇത്തരം ആഘോഷങ്ങള്‍ ഒന്നു കൂടി കൊഴിപ്പിക്കാനുള്ള ശ്രമത്തിലാണ് ധവാന്‍.

2010 ഒക്ടോബറില്‍ വിശാഖപട്ടണത്ത് ഓസ്‌ട്രേലിയക്കെതിരേയായിരുന്നു ധവാന്റെ ഏകദിന അരങ്ങേറ്റം. അന്ന് പൂജ്യത്തിനു പുറത്തായ ഈ ഇടങ്കയ്യന്‍ ഓപ്പണര്‍ പക്ഷേ, അതിനു ശേഷം പുറത്തെടുത്തത് അസാമാന്യ മത്സരപാടവം തന്നെയായിരുന്നു. 128 ഏകദിനങ്ങള്‍ ഇതുവരെ കളിച്ച ധവാന്റെ സ്‌ട്രൈക്ക് റേറ്റ് 93.79 ആണ്. നേടിയത് 5355 റണ്‍സും. ഇതില്‍ 16 സെഞ്ചുറിയും 27 അര്‍ധസെഞ്ചുറിയുമുണ്ട്. അതായത് ശരാശരി 44.62. ഇതുവരെ 67 സിക്‌സര്‍ പായിച്ച ധവാന്‍ 666 തവണ പന്ത് ബൗണ്ടറി കടത്തി. ക്യാച്ചിന്റെ കാര്യത്തിലെ സ്‌പെഷ്യല്‍ ആക്ഷന്‍ വണ്‍ഡേയില്‍ ഇതുവരെ ഉണ്ടായത് 61 തവണ. എന്നാല്‍ 121 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച ധവാന്‍ 120 തവണ ക്യാച്ചുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 

നാളെ ദക്ഷിണാഫ്രിക്കക്കേതിരേയാണ് ധവാന്റെയും ഇന്ത്യയുടെയും ആദ്യ മത്സരം. തുടര്‍ന്ന് ഞായറാഴ്ച ഓസ്‌ട്രേലിയക്കെതിരേയും. ഗബ്ബാറിന്റെ കബഡി ആഘോഷങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് വിജയം സുനിശ്ചയം. കളിച്ച രണ്ടു മത്സരങ്ങളും ദക്ഷിണാഫ്രിക്ക തോറ്റിരുന്നു.