ലണ്ടന്‍: വിരലിന് പരിക്കേറ്റ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ലോകകപ്പില്‍ നിന്ന് പുറത്തായതോടെ പകരക്കാരനെ തെരയുകയാണ് സോഷ്യല്‍ മീഡിയ. ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതിരുന്ന ഋഷഭ് പന്തിന് ക്ഷണം ലഭിക്കുമോ എന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ട്. ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പന്തിനെ ഉള്‍പ്പെടുത്താത്തത് ആരാധകരെ പ്രകോപിപ്പിച്ചിരുന്നു. 

ധവാന് പരിക്കേറ്റ സാഹചര്യത്തില്‍ പന്തിന്‍റെ പ്രതികരണമെന്താകുമെന്ന് ട്രോളുകളിലൂടെ സങ്കല്‍പിക്കുകയാണ് ആരാധകര്‍. അല്‍പം കടന്ന പ്രതികരണമാണ് പല ആരാധകരും നടത്തിയത്. ഒരു ബാറ്റ്സ്‌മാന് പരിക്ക് പറ്റാനും ബിസിസിഐയുടെ ഫോണ്‍ കോളിനായും ഋഷഭ് കാത്തിരിക്കുകയായിരുന്നു എന്ന് ആരോപിക്കുകയാണ് പല പ്രതികരണങ്ങളും. 

ഓസ്ട്രേലിയക്കെതിരായ മത്സരത്തിലാണ് ശിഖര്‍ ധവാന്‍റെ ഇടതുകൈവിരലിന് പരിക്കേറ്റത്. പരിക്കേറ്റ ധവാനെ ഇന്ന് സ്കാനിംഗിന് വിധേയനാക്കിയിരുന്നു. ഇതിന്‍റെ പരിശോധനാ ഫലം പുറത്ത് വന്നതോടെയാണ് ധവാന് ലോകകപ്പ് തന്നെ നഷ്ടമാകുമെന്നുള്ള കാര്യം വ്യക്തമായത്. പരിക്കിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഐസിസി പുറത്തുവിടുന്നതെയുള്ളൂ.