മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ടീമിന് ലോകകപ്പില്‍ ഏറ്റ കനത്ത തിരിച്ചടി ആയിരുന്നു ഓപ്പണര്‍ ശിഖര്‍ ധവാന് ഏറ്റ പരിക്ക്. ഓസ്ട്രേലിയക്കെതിരെ മിന്നുന്ന സെഞ്ചുറി കുറിച്ച മത്സരത്തിലാണ് പാറ്റ് കമ്മിന്‍സിന്‍റെ പന്തില്‍ ധവാന്‍റെ വിരലിന് പരിക്കേറ്റത്.  

കൈയിലെ തള്ളവിരലിന് പരിക്കേറ്റ ധവാന് ലോകകപ്പിലെ മൂന്ന് മത്സരങ്ങളെങ്കിലും നഷ്ടമാവുമെന്നാണ് കരുതുന്നത്. നാളെ നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിലും ധവാന് കളിക്കാനാവില്ല. ലോകകപ്പ് തന്നെ ധവാന് നഷ്ടമാകുമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നതെങ്കിലും താരത്തിന്‍റെ പരിക്ക് വേഗം ഭേദമാകുമെന്ന വിശ്വാസത്തില്‍ പകരക്കാരനെ പ്രഖ്യാപിക്കാന്‍ ടീം മാനേജ്മെന്‍റ്  തയാറായിട്ടില്ല.

സ്റ്റാന്‍ഡ് ബെെ താരമായി ഋഷഭ് പന്ത് ടീമിനൊപ്പം ചേര്‍ന്നെങ്കിലും ധവാനില്‍ പൂര്‍ണവിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീം. ഇപ്പോള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം എന്ത് കൊണ്ടാണെന്ന് തെളിയിച്ചിരിക്കുകയാണ് ധവാന്‍.

പരിക്കേറ്റ വിരലില്‍ പ്ലാസ്റ്ററില്‍ ജിമ്മില്‍ കഠിനാധ്വാനം ചെയ്യുന്ന ധവാന്‍റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പരിക്കേറ്റപ്പോള്‍ തനിക്കായി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദിയെന്നും ഫേസ്ബുക്കിലൂടെ വീഡിയോ ഷെയര്‍ ചെയ്ത് ധവാന്‍ കുറിച്ചിട്ടുണ്ട്.