ബോളിവുഡ് നടി സൊനാലി ബിന്ദ്രയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ തള്ളി പാകിസ്ഥാൻ മുൻ താരം ഷൊയബ് അക്തര്‍. അര്‍ബുദ രോഗത്തിന് ചികിത്സയില്‍ കഴിയുന്ന സൊനാലിയോട് ആദരവ് മാത്രമാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നുമാണ് അക്തര്‍ പറയുന്നത്.

കല്‍ ഹോ ന ഹോ, സര്‍ഫരോഷ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ സൊനാലി ബിന്ദ്ര. 44കാരിയായ സൊനാലിക്ക് അര്‍ബുദമാണെന്ന് ഒരു വര്‍ഷം മുമ്പാണ് പരിശോധനയില്‍ വ്യക്തമായത്. കീമോതെറാപ്പിക്ക് ശേഷം ഭര്‍ത്താവും സംവിധായകനുമായ ഗോള്‍ഡി ബേലിനും 13 വയസുള്ള മകനുമൊപ്പം താരം ദില്ലിയിലാണ് താമസിക്കുന്നത്. അതിനിടയിലാണ് ഷൊയബ് അക്തറുമായി ബന്ധപ്പെടുത്തി സൊനാലിയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ വന്നത്.

44കാരനായ ഷോയബ് അക്തര്‍ സൊനാലിയെ വിവാഹം കഴിക്കണമെന്ന തീവ്ര ആഗ്രഹത്തിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അക്തറിന്‍റെ മുറിയിലും പഴ്സിനുള്ളിലുമെല്ലാം സൊനാലിയുടെ പടങ്ങളുണ്ടായിരുന്നു. വേണ്ടിവന്നാല്‍ തട്ടിക്കൊണ്ടുവന്നിട്ടാണെങ്കിലും സൊനാലിയെ വിവാഹം കഴിക്കുമെന്ന് അക്തര്‍ അടുത്ത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയതായും അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഇതെല്ലാം അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നാണ് ഷൊയബ് അക്തര്‍ പറയുന്നത്. ഒരിക്കല്‍പ്പോലും സൊനാലിയോട് പ്രണയം തോന്നിയിട്ടില്ല. അര്‍ബുദ രോഗത്തോടുള്ള സൊനാലിയുടെ ചെറുത്ത് നില്‍പ്പിനോട് ആദരവാണെന്നും പാകിസ്ഥാൻ മുൻ ഫാസ്റ്റ് ബൗളര്‍ പറയുന്നു.