ചണ്ഡീഗഡ്: ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തോൽക്കാനാവില്ലെന്ന് മുൻതാരം നവജ്യോത് സിംഗ് സിദ്ദു. പാക്കിസ്ഥാനെ തോൽപിക്കുന്നത് ഇന്ത്യൻ ആരാധകർക്ക് ലോകകപ്പ് ജയിക്കുന്നതിന് തുല്യമാണെന്നും സിദ്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

1996 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യൻ ജയത്തിന് അടിത്തറയിട്ടത് സിദ്ദുവിന്‍റെ മിന്നുന്ന പ്രകടനം ആയിരുന്നു. അന്ന് സിദ്ദു നേടിയത് 93 റൺസാണ്. ആ ഇന്നിംഗ്സിന് കരുത്തായതും പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് തോല്‍ക്കാനാകില്ലെന്ന ഒറ്റ ചിന്ത ആയിരുന്നുവെന്നും സിദ്ദു പറഞ്ഞു.

അന്ന് സിദ്ധുവിന് പിന്നാലെ അജയ് ജഡേജയും വെങ്കിടേഷ് പ്രസാദും അനിൽ കുംബ്ലെയും കളം വാണപ്പോൾ ഇന്ത്യക്ക് 39 റൺസിന്‍റെ ത്രസിപ്പിക്കുന്ന വിജയമാണ് സ്വന്തമായത്. നേരത്തെ, നാലാം നമ്പറില്‍ ധോണിയെ ഇറക്കണമെന്നും സിദ്ദു പറഞ്ഞിരുന്നു. താന്‍ ധോണിയുടെ കടുത്ത ആരാധകനാണ്. നാലാം നമ്പറില്‍ ഇറക്കിയാല്‍  ധോണിയെ ശരിക്കും ഉപയോഗിക്കാനാവും.

നമ്മുടെ കൈയിലുള്ള വലിയ ആയുധം ശരിയായ രീതിയില്‍ ഉപയോഗിക്കേണ്ടതുണ്ട്. വെറുതെ എടുത്തുവെച്ച് ഉപയോഗമില്ലാതെയാക്കരുത്. വിരാട് കോലിയുടെ സാന്നിധ്യം തന്നെ എതിരാളികളെ ഭയപ്പെടുത്തുന്നതാണ്. സച്ചിന്‍ ഇല്ലാതെ ഇന്ത്യ ഇറങ്ങുമ്പോള്‍ എതിരാളികള്‍ റിലാക്സഡ് ആവാറുണ്ട്. അതുപോലെയാണ് കോലിയും. കോലിയുടെ സാന്നിധ്യം തന്നെ ടീമിന് വലിയ ഊര്‍ജ്ജമാണെന്നും സിദ്ദു പറഞ്ഞു.