ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ തലവര മാറ്റിയ പരിശീലകനും നായകനും. ഇന്ത്യന്‍ ആരാധകര്‍ക്ക് ജോണ്‍ റൈറ്റ്- സൗരവ് ഗാംഗുലി കൂട്ടുകെട്ടിനെ ഒരിക്കലും മറക്കാനാവില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച പരിശീലക- നായക കൂട്ടുകെട്ടുകളിലൊന്നാണ് ഇവരെന്നാണ് വിശേഷണം. 

ലോകകപ്പ് ക്രിക്കറ്റിനിടെ ഇന്ത്യയുടെ ഇതിഹാസ നായകനും പരിശീലകനും വീണ്ടും ഒന്നിച്ചു. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ സന്നാഹമത്സരത്തില്‍ കമന്‍റേറ്റര്‍മാരുടെ കുപ്പായത്തിലാണ് ഇരുവരും ഒന്നിച്ചത്. ഈ കാഴ്‌ച ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ നൊസ്റ്റാള്‍ജിയയുണ്ടാക്കി. 

2003 ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച ജോഡിയാണ് ദാദയും റൈറ്റും. 2000ലെ വാതുവയ്‌പ് വിവാദത്തിന് ശേഷമാണ് ഇന്ത്യന്‍ പരിശീലക സ്ഥാനം റൈറ്റും നായകസ്ഥാനം ദാദയും ഏറ്റെടുത്തത്. ലോകകപ്പ് ഫൈനലിന് പുറമേ, പാക്കിസ്ഥാനില്‍ ടെസ്റ്റ്, ഏകദിന പരമ്പരകളും ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് പരമ്പരകളില്‍ സമനിലയും ഇന്ത്യ സ്വന്തമാക്കി. ഇംഗ്ലണ്ടിലെ നാറ്റ്‌വെസ്റ്റ് പരമ്പര ജയവും 2002ല്‍ ലങ്കയ്‌ക്കൊപ്പം പങ്കിട്ട ചാമ്പ്യന്‍സ് ട്രോഫിയും ഇരുവരുടെയും തൊപ്പിയിലെ നാഴികക്കല്ലുകളാണ്.