മഹാഭാരതത്തിലെ കര്‍ണ്ണനെപ്പോലെയാണ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ കാര്യം. ആവശ്യം വരുമ്പോള്‍ പഠിച്ചതും അറിയാവുന്നതുമായ കാര്യങ്ങളുമൊന്നും തുണയ്ക്കെത്തില്ല. ഏകദിനത്തില്‍ എക്കാലവും മികച്ച താരങ്ങള്‍ ഉണ്ടായിട്ടും ലോകകപ്പ് കിരീടം ഒരിക്കല്‍പ്പോലും ദക്ഷിണാഫ്രിക്കയിലെത്താത്തതിന്റെ കാരണവും ഇതുതന്നെ.

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ നിര്‍ഭാഗ്യത്തിന്റെ ഭൂതങ്ങള്‍ വേട്ടയാടുകയാണ് എപ്പോഴും. 1999 ലോകകപ്പില്‍, ലോകോത്തര താരമായ ഗിബ്‍സിന്റെ കയ്യില്‍ നിന്ന് പന്തു ചോര്‍ന്നപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ദുര്‍വിധി ആരംഭിക്കുകയായിരുന്നു.

ഗിബ്‍സ് വലിച്ചെറിഞ്ഞ ലോകകപ്പ്

ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ 1999 ജൂണ്‍ 13ന് സൂപ്പര്‍ സിക്സ് ഘട്ടത്തിലെ അവസാനമത്സരത്തില്‍ ഓസ്ടേലിയയായിരുന്നു ദക്ഷിണാഫ്രിക്കയുടെ എതിരാളികള്‍. ആദ്യം ബാറ്റ് ചെയ്‍ത ദക്ഷിണാഫ്രിക്ക 7 വിക്കറ്റ് നഷ്‍ടത്തില്‍ 271 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന്റെ തുടക്കം തകര്‍ച്ചയോടെ. മൂന്ന് വിക്കറ്റ് നഷ്‍ടമായപ്പോല്‍ ഓസീസിന് നേടാനായത് വെറും 48 റണ്‍സ് മാത്രമാണ്. പക്ഷേ റിക്കി പോണ്ടിംഗിനൊപ്പം സ്റ്റീവോയും എത്തിയതോടെ ഓസീസ് മുന്നേറാന്‍ തുടങ്ങി. 56 റണ്‍സെടുത്തപ്പോള്‍ സ്റ്റീവോ ആഞ്ഞടിച്ചു. പന്ത് കൃത്യം ഗിബ്‍സിന്റെ കയ്യില്‍. ലോകം കയ്യിലൊതുക്കിയെന്ന സന്തോഷത്തോടെ ഗിബ്‍സ് പന്ത് മുകളിലേക്കെറിയാന്‍ ശ്രമിച്ചു. പക്ഷേ പന്ത് കയ്യില്‍ നിന്ന് ഊര്‍ന്ന് നിലത്തേക്ക്. പന്ത് കൈപ്പിടിയിലൊത്തുക്കിയതിന് ശേഷമാണ് നിലത്ത് വീണതെന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ വാദിച്ചെങ്കിലും അം‌പയര്‍മാര്‍ സമ്മതിച്ചില്ല. ജീവന്‍ വീണ്ടുകിട്ടീയ സ്റ്റീവോ ഓസീസിനെ വിജയത്തിലെത്തിച്ചു.

അതേ ലോകകപ്പിന്റെ സെമിയില്‍ വീണ്ടും ഓസീസ് എതിരാളികള്‍. ആദ്യം ബാറ്റ് ചെയ്‍ത ഓസീസ് 49.2 ഓവറില്‍ 213 റണ്‍സിന് പുറത്തായി. ഈ വിജയലക്‍ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക്, ഒരു ഓവറും ഒരു വിക്കറ്റും ബാക്കി നില്‍ക്കുമ്പോള്‍ ജയിക്കാന്‍ ഒമ്പത് റണ്‍സ് വേണം. അവസാന ജോടികളായ ക്ലൂസ്‍നറും ഡൊണാള്‍ഡും ക്രീസില്‍. ഫ്ലെമിംഗ് ആദ്യ പന്തെറിഞ്ഞു. ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ആവേശം വാനോളമുയര്‍ത്തി ക്ലൂസ്‍നര്‍ പന്ത് അതിര്‍ത്തിയിലേക്ക് പായിച്ചു. രണ്ടാം പന്തും അതിര്‍ത്തി വര തൊട്ടു. ജയിക്കാന്‍ നാലു പന്തില്‍ ഒരു റണ്‍സ് മാത്രം മതി. മൂന്നാം പന്ത് യോര്‍ക്കറായി ക്ലൂസ്‍നറെ പരീക്ഷിച്ചു. വന്‍ അടിക്ക് മുതിരാതെ ക്ലൂസ്‍നര്‍ ആ പന്ത് തട്ടിയിട്ടു. ഡൊണാള്‍ഡ് സിംഗിള്‍ റണ്‍സിനായി ക്രീസില്‍ നിന്ന് ഇറങ്ങി. ക്ലൂസ്‍നര്‍ ക്രീസില്‍ നിന്ന് ഇറങ്ങാത്തത് കണ്ട് തിരിച്ചോടിയ ഡൊണാള്‍ഡ് കഷ്‍ടിച്ച് റണ്‍‌ഔട്ടില്‍ നിന്ന് രക്ഷപ്പെട്ടു. പക്ഷേ അന്തിമ വിധി വരാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. നാലാം പന്തും യോര്‍ക്കറായിരുന്നു. ക്ലൂസ്‍നര്‍ അത് മിഡ്‍ഫീല്‍ഡിലേക്ക് കളിച്ചു; ക്രീസില്‍ നിന്നിറങ്ങി. പക്ഷേ മുന്‍ അനുഭവം ആവര്‍ത്തിക്കേണ്ടെന്ന് കരുതിയാകും ഡൊണാള്‍ഡ് പന്തു പോയ ദിശയിലേക്ക് നോക്കി നിന്നു. ഗ്യാലറിയിലെ ആരവങ്ങള്‍ക്കിടയില്‍ ബാറ്റിംഗ് എന്‍‌ഡിലേക്ക് ഇടക്കൊന്നു നോക്കിയ ഡൊണാള്‍ഡ് ക്ലൂസ്‍നെര്‍ അടുത്തെത്തിയത് കണ്ടു. വിജയ റണ്‍സിനായി ഡൊണാള്‍ഡും ഓടി. പാതി വഴിയില്‍ ബാറ്റ് കയ്യില്‍ നിന്ന് വഴുതി വീണു. ആ സമയം ഫ്ലെമിഗിന്റെ ത്രോ വിക്കറ്റ് കീപ്പര്‍ ഗില്‍ക്രിസ്റ്റിന്റെ കയ്യിലെത്തിയിരുന്നു. അതി വിദഗ്‍ദ്ധമായ ഒരു സ്റ്റമ്പിംഗ്. ഡൊണാള്‍ഡ് പുറത്തായി. മത്സരം സമനില.

ആദ്യ മത്സരത്തില്‍ ഓസീസിനോട് പരാജയപ്പെട്ടതിനാല്‍ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ നിന്ന് പുറത്തായി. ഗിബ്‍സിന്റെ കയ്യില്‍ നിന്ന് ചോര്‍ന്നത് ലോകകപ്പ് ഫൈനലിലേക്കുള്ള യോഗ്യത കൂടിയായിരുന്നു. സൂപ്പര്‍ സിക്സില്‍ ഓസീസിനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്ക് സെമിഫൈനലില്‍ ദുര്‍ബലരായ എതിരാളികളെ നേരിട്ടാല്‍ മതിയാകുമായിരുന്നു.

മഴ ദൈവങ്ങളും നായകനും വില്ലന്‍‌മാരായി

മഴ ദൈവങ്ങളാണ് 2003 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ വില്ലന്‍‌മാരായത്; നായകന്‍ പൊള്ളോക്കും. ഡര്‍ബനില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കയായിരുന്നു എതിരാളികള്‍. മഴ അലോസരപ്പെടുത്തിയ മത്സരത്തില്‍, ടോസ് നേടി ആദ്യം ബാറ്റ് ചെയ്‍ത ശീലങ്ക ഒമ്പത് വിക്കറ്റ് നഷ്‍ടത്തില്‍ 268 റണ്‍സ് എടുത്തു. ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുമ്പോള്‍ മഴ വീണ്ടും കളിതുടങ്ങിയതിനാല്‍ നാല്‍പ്പത്തിയഞ്ചാം ഓവറില്‍ കളി വീണ്ടും നിര്‍ത്തി. ദക്ഷിണാഫ്രിക്ക അപ്പോ‍ള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് എടുത്തിട്ടുണ്ടായിരുന്നു. പക്ഷേ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയ ‌ലക്‍ഷ്യം 230 ആയി പുനര്‍‌നിര്‍ണയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കക്കാര്‍ മഴ ദൈവങ്ങളെ മാത്രമല്ല ശപിച്ചത്. അവരുടെ പ്രിയങ്കരനായ ക്യാപ്റ്റന്‍ പൊള്ളോക്കിനെ കൂടിയായിരുന്നു.

പൊള്ളോക്ക് ക്രീസിലേക്ക് അയച്ച ഒരു തെറ്റായ സന്ദേശമാണ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. മഴ കളി തടസ്സപ്പെടുത്തിയാല്‍ 229 റണ്‍സ് മതി ജയിക്കാന്‍ എന്നായിരുന്നു പൊള്ളോക്കിന്റെ സന്ദേശം. മുരളീധരന്‍ എറിഞ്ഞ നാല്‍പ്പത്തിയഞ്ചാം ഓവറിലെ അഞ്ചാം പന്ത് ബൌച്ചര്‍ സിക്സ് അടിച്ചു. അവസാന പന്തില്‍ സിംഗിളിന് അവസരമുണ്ടായിട്ടും ഓടിയില്ല. ഫലം ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ നിന്ന് പുറത്ത്.