ലീഡ്‌സ്: ലോകകപ്പ് ഫേവറേറ്റുകളായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച ലങ്കന്‍ ടീമിന് ആശംസാപ്രവാഹം. മഹേള ജയവര്‍ദ്ധനെ, സനത് ജയസൂര്യ, കുമാര്‍ സംഗക്കാര ഉള്‍പ്പെടെയുള്ള താരങ്ങള്‍ ലങ്കന്‍ ടീമിനെ പ്രശംസിച്ച് രംഗത്തെത്തി. ലീഡ്‌സില്‍ 20 റണ്‍സിനായിരുന്നു ലങ്കയുടെ ത്രസിപ്പിക്കുന്ന ജയം.

ഇംഗ്ലണ്ടിനെ അവരുടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ 20 റണ്‍സിന് അട്ടിമറിച്ച് ലങ്ക ഹീറോയിസം കാട്ടുകയായിരുന്നു. ഇംഗ്ലണ്ടിന്‍റെ പോരാട്ടം 47 ഓവറില്‍ 212ല്‍ അവസാനിച്ചു. മലിംഗ നാലും ധനഞ്ജയ മൂന്നും ഉഡാന രണ്ടും വിക്കറ്റ് വീഴ്ത്തി. അവസാനം വരെ പൊരുതിയ സ്റ്റോക്‌സ് 82 റണ്‍സുമായി പുറത്താവാതെ നിന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ ജോ റൂട്ടാണ്(57) ഇംഗ്ലണ്ടിനായി തിളങ്ങിയ മറ്റൊരു താരം.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ചുറിയുമായി എയ്‌ഞ്ചലോ മാത്യൂസാണ്(85*) ലങ്കയെ 200 കടത്തിയത്. ഫെര്‍ണാണ്ടോ(49), കുശാല്‍ മെന്‍ഡിസ്(46) എന്നിവരാണ് ലങ്കയുടെ മറ്റ് ഉയര്‍ന്ന സ്‌കോറുകാര്‍. ഇംഗ്ലണ്ടിനായി ആര്‍ച്ചറും വുഡും മൂന്ന് വിക്കറ്റ് വീതവും ആദില്‍ റഷീദ് രണ്ടും വിക്കറ്റ് നേടി.