ലണ്ടന്‍: ലോകകപ്പിലെ മിന്നും പോരാട്ടത്തില്‍ ഇന്ന് ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ എതിരിടുമ്പോള്‍ കോലിപ്പടയ്ക്ക് വിജയം നേടിയെ മതിയാകൂ, അതിന് കാരണം വേറൊന്നുമല്ല. ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ പോരാട്ടം ഇന്ത്യയുടെ ദിശാസൂചികൂടിയാണ്. ഇന്ത്യ രണ്ട് തവണ ചാമ്പ്യന്മാരായ ലോകകപ്പിലും ഓസ്ട്രേലിയയെ തോൽപിച്ചിരുന്നു.

ലോകകപ്പിന്‍റെ പന്ത്രണ്ടാം പതിപ്പിൽ കിരീടമോഹവുമായി ഇന്ത്യയും ഓസ്ട്രേലിയയും നേർക്കുനേർ എത്തുമ്പോള്‍ കണക്കിൽ ഓസീസ് ബഹുദൂരം മുന്നിലാണ്. 11 കളിയിൽ എട്ടിലും ജയം ഓസീസിനൊപ്പം. ഇന്ത്യയുടെ അക്കൗണ്ടിൽ മൂന്ന് ജയം മാത്രം. ഇതിൽ രണ്ടുതവണ ജയിച്ചപ്പോഴും ഇന്ത്യ കപ്പുയർത്തി എന്ന കണക്ക് വിരാട് കോലിക്കും സംഘത്തിനും നൽകുന്ന ഊർജ്ജം ചെറുതല്ല.

ലോകകപ്പിൽ ഓസീസിനെതിരെ ഇന്ത്യയുടെ ആദ്യജയം 1983ൽ. കപിൽ ദേവും സംഘവും ഉയ‍ർത്തിയ 247 റൺസ് പിന്തുടർന്ന ഓസീസ് 129ന് നിലംപൊത്തി. 118 റൺസ് ജയമൊരുക്കിയത് 29 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ റോജ‍ർ ബിന്നി. അന്ന് ലോർഡ്സിൽ കപ്പുയർത്തിയത് കപിൽദേവിന്‍റെ ഇന്ത്യ.

നാലുവർഷത്തിനിപ്പുറം മുഖാമുഖം വന്നപ്പോഴും ഇന്ത്യ ചിരിച്ചു. 289 റൺസ് പിന്തുടർന്ന ഓസീസ് പോരാട്ടം 233ൽ അവസാനിച്ചു. 54 റൺസും 19 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു കളിയിലെ കേമൻ. പക്ഷേ, ഇന്ത്യൻ പോരാട്ടം സെമിയിൽ ഇംഗ്ലണ്ടിന് മുന്നിൽ അവസാനിച്ചു.

1992ലും 96ലും 99ലും 2003ലും ഓസീസ് കരുത്തിന് മുന്നിൽ ഇന്ത്യ മുട്ടുകുത്തി. എട്ട് വർഷത്തിനുശേഷം കൊന്പുകോർത്തപ്പോൾ ഇന്ത്യയുടെ പ്രതികാരം. ഓസ്ട്രേലിയയുടെ 260 റൺസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ധോണിപ്പട മറികടന്നു. 44 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തുകയും പുറത്താവാതെ 57 റൺസെടുക്കുകയും ചെയ്ത യുവരാജ് സിംഗായിരുന്നു മാൻ ഓഫ് ദ മാച്ച്.

കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യയെ തോൽപിച്ച് ഫൈനലിലേക്ക് മുന്നേറിയ ഓസീസ് അ‍ഞ്ചാം കിരീടവും സ്വന്തമാക്കി. ഓവലിൽ പന്ത്രണ്ടാം പോരിനിറങ്ങുന്പോൾ ജയം ഇന്ത്യക്കാവുമോ? കപിലും ധോണിയും തെളിച്ച വഴിയിലൂടെ കോലിയും കപ്പുയർത്തുമോ എന്നതാണ് ചോദ്യം.