കാര്‍ലോസ് ബ്രാത്വെയ്റ്റ് എന്ന വിന്‍ഡീസ് ഓള്‍റൗണ്ടര്‍ സെഞ്ചുറി നേട്ടത്തോടെ ന്യൂസിലന്‍ഡിനെതിരേ നടത്തിയ ചാവേര്‍ ആക്രമണം ആദ്യത്തേതല്ല. ബാറ്റ് കൊണ്ട് സമാന വെട്ടിക്കെട്ട് ഇതിനു മുന്‍പും നടത്തിയിട്ടുണ്ട് ബ്രാത്വെയ്റ്റ്. അത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2016 ട്വന്റി 20 ലോകകപ്പ് ഫൈനലിലായിരുന്നു. വേദി ഈഡന്‍സ് ഗാര്‍ഡന്‍സ്. എതിരാളികള്‍ ഇംഗ്ലണ്ട്. 

അവര്‍ ഉയര്‍ത്തിയ 159 റണ്‍സിന്റെ വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കെ വിന്‍ഡീസ് മറികടന്നു. എങ്ങനെയെന്നറിയണ്ടേ? ബെന്‍ സ്റ്റോക്സ് എറിഞ്ഞ അവസാന ഓവര്‍. വിന്‍ഡീസിനു ജയിക്കാന്‍ വേണ്ടത് 19 റണ്‍സ്. മര്‍ലണ്‍ സാമുവല്‍സും കാര്‍ലോസും ക്രീസില്‍. തകര്‍ത്തടിച്ചു കളിച്ച സാമുവല്‍സിനു സ്ട്രൈക്ക് കൈമാറുകയാണ് കാര്‍ലോസിന്റെ ഡ്യൂട്ടി. എന്നാല്‍ അങ്ങനെയങ്ങ് സിംഗിള്‍ എടുത്തു നോണ്‍സ്ട്രൈക്കേഴ്സ് പോയിന്റിലേക്ക് പോകാന്‍ ഈ ട്രിനിഡാഡുകാരന്റെ മനസ്സ് അനുവദിച്ചില്ല. 

മികച്ച രീതിയില്‍ പന്തെറിയുന്ന സ്റ്റോക്സിന്റെ ആദ്യത്തെ പന്ത് സിക്സര്‍. അതൊരു അത്ഭുതമായേ ഇംഗ്ലണ്ട് കണ്ടുള്ളു. അടുത്ത പന്തില്‍ ഒരു വിക്കറ്റ് മണത്ത ഇംഗ്ലീഷുകാരെ അത്ഭുതപ്പെടുത്തി രണ്ടാമത്തെയും മൂന്നാമത്തെയും പന്തും സിക്സര്‍. സ്‌കോര്‍ തുല്യനിലയില്‍. ആവശ്യമുള്ളത് ഒരേയൊരു റണ്‍. എന്നിട്ടും കാര്‍ലോസ് നാലാമത്തെ പന്തും ഗ്യാലറയിലെത്തിച്ചു. തുടരെ നാലു സിക്സറുകള്‍. 

അതും അവസാന ഓവറിലെ സമ്മര്‍ദ്ദഘട്ടത്തില്‍. പത്ത് പന്തുകള്‍ നേരിട്ട് 34 റണ്‍സ്. അതായത്, സ്ട്രൈക്ക് റേറ്റ് 340! അന്ന് ബാറ്റ് കൊണ്ടു മാത്രമല്ല നാലോവറില്‍ 23 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റുകളും ബ്രാത്വെയ്റ്റ് കൊണ്ടാടി. ആ ബ്രാത്വെയ്റ്റാണ് കഴിഞ്ഞ ദിവസം ഏകദിന കരിയറിലെ ആദ്യത്തെ സെഞ്ചുറി നേടിയത്. എന്നിട്ടും ടീമിനെ വിജയിപ്പിക്കാന്‍ കഴിയാതെ, മുട്ടുമടക്കിയിരുന്നു പിച്ചില്‍ കണ്ണീര്‍വീഴ്ത്തിയത്.

കിവീസിനെതിരേ പന്തെറിഞ്ഞപ്പോള്‍ ആറോവറില്‍ 58 റണ്‍സ് വിട്ടു കൊടുത്തതിന്റെ നൊമ്പരത്തിലാണ് ബ്രാത്വെയ്റ്റ് ആറാമനായി ബാറ്റിങ്ങിനിറങ്ങിയത്. രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും റണ്‍സ് വിട്ടുനല്‍കിയത് കുറച്ച കൂടിപോയി. അതിനുള്ള മധുര പ്രതികാരമായിരുന്നു ബാറ്റ് കൊണ്ടുള്ള ആറാട്ട് നടത്തല്‍. ബ്രാത്വെയ്റ്റ് ഇതുവരെ കളിച്ചത് 38 ഏകദിനങ്ങള്‍ മാത്രമായിരുന്നു. 2011-ല്‍ ബംഗ്ലാദേശിനെതിരേ അരങ്ങേറ്റം നടത്തിയൊരു താരത്തിനാണ് ഇത്രയും കുറവ് അവസരങ്ങള്‍ ലഭിച്ചതെന്ന് ഓര്‍ക്കണം. 

ഇന്നലെ നേടിയ സെഞ്ചുറിക്ക് മുന്‍പ് നേടിയിരുന്നത് വെറും 419 റണ്‍സും. ഇരുപതില്‍ താഴെ ശരാശരി. അങ്ങനെയൊരു താരത്തില്‍ നിന്നാണ് അത്ഭുതങ്ങള്‍ സംഭവിച്ചതെന്ന് ഓര്‍ക്കണം. അത്ഭുതങ്ങള്‍ ജീവിതത്തിലേക്ക് കൊണ്ടുവരുന്നവനാണ് ബ്രാത്വെയ്റ്റ്്. 2016-ല്‍ ഐപിഎല്‍ ലേലത്തില്‍ 30 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന കാര്‍ലോസിനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 4.2 കോടി രൂപയ്ക്കാണ് അന്നു സ്വന്തമാക്കിയത്. അതായത്, നാലു സിക്സറുകള്‍ക്കും കൂടി നാലു കോടി. ഇംഗ്ലണ്ടിനെതിരെ കലാശ ഓവറില്‍ നേടിയ ഓരോ സിക്സിനും ഒരു കോടിയെന്ന കണക്കില്‍!