ലണ്ടന്‍: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് പ്രശംസയുമായി വിൻഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാൻ ലാറ. അമാനുഷികമായി കളിക്കുന്ന കോലി റൺ മെഷീനാണെന്ന് ലാറ പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനകം റണ്‍ മെഷീന്‍ എന്ന വിശേഷണം കോലിക്കുണ്ട്. 

ഇംഗ്ലണ്ടിനും ഇന്ത്യക്കുമാണ് ലോകകപ്പിൽ ജയസാധ്യത. ഇന്ത്യയുടെ പ്രതീക്ഷ വിരാട് കോലിയെ ആശ്രയിച്ചായിരിക്കും. ശാരീരികക്ഷമത നിലനിർത്തി സ്ഥിരതയോടെ കളിക്കുന്നതാണ് കോലിയെ വ്യത്യസ്തനാക്കുന്നത്. ക്രിക്കറ്റിലെ റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുന്ന കോലി യുവതാരങ്ങൾക്കെല്ലാം മാതൃകയാണെന്നും ലാറ പറഞ്ഞു. 

ഏകദിന റാങ്കിംഗിലെ നമ്പര്‍ വണ്‍ ബാറ്റ്സ്‌മാന്‍ എന്ന ഖ്യാതിയുമായാണ് കോലി ലോകകപ്പിന് ഇറങ്ങുന്നത്. 227 ഏകദിനങ്ങളില്‍ നിന്ന് 10843 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ഇതിനകം 41 സെഞ്ചുറികള്‍ നേടി എന്നതാണ് കോലിയെ കടുതല്‍ കരുത്തനാക്കുന്നത്. 49 അര്‍ദ്ധ സെഞ്ചുറികളും നേടാനായി.