മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ താനാണെന്ന് വീണ്ടും തെളിയിച്ച് രവീന്ദ്ര ജഡേജ. ലോകകപ്പ് സെമിയില്‍ റിസര്‍വ് ദിനത്തില്‍ ന്യൂസിലന്‍ഡിന്‍റെ രണ്ട് വിക്കറ്റുകള്‍ ഇന്ത്യ കൊയ്തത് ജഡേജയുടെ ഫീല്‍ഡിംഗ് മികവിലാണ്. ഇതിലൊന്ന് തകര്‍പ്പന്‍ റണ്ണൗട്ടും മറ്റൊന്ന് മിന്നും ക്യാച്ചുമായിരുന്നു. 

48-ാം ഓവറിലെ അവസാന പന്തില്‍ റോസ് ടെയ്‌ലറിനെ ബൗണ്ടറിലൈനില്‍ നിന്ന് ഓടിയെത്തിയ ജഡേജ ഡയറക്‌ട് ത്രോയില്‍ പുറത്താക്കി. 74 റണ്‍സാണ് ടെയ്‌ലര്‍ നേടിയത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ടോം ലഥാമിനെ ബൗണ്ടറിലൈനില്‍ ഉയര്‍ന്നുചാടി ജഡേജ സാഹസികമായി പിടികൂടി. മത്സരത്തില്‍ മറ്റ് രണ്ട് ക്യാച്ചുകളും ഒരു വിക്കറ്റും ജഡേജയുടെ വകയുണ്ടായിരുന്നു.

ഇന്ന് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസീലന്‍ഡിന് 28 റണ്‍സ് കൂടി മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. ഇതോടെ കിവീസ് ഇന്നിംഗ്‌സ് എട്ട് വിക്കറ്റിന് 239 എന്ന നിലയില്‍ അവസാനിച്ചു. ഇന്ത്യക്കായി ഭുവനേശ്വര്‍ മൂന്നും ബൂമ്ര, പാണ്ഡ്യ, ജഡേജ, ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.