സതാംപ്‌ടണ്‍: ലോകകപ്പില്‍ വെള്ളിയാഴ്‌ച വെസ്റ്റ് ഇന്‍ഡീസിനെ ഇംഗ്ലണ്ട് നേരിടുമ്പോള്‍ ശ്രദ്ധാകേന്ദ്രം ജോഫ്രാ ആര്‍ച്ചറാണ്. ഇംഗ്ലണ്ടിനായി കളിക്കുന്ന ആര്‍ച്ചര്‍ക്ക് വെസ്റ്റ് ഇന്‍ഡീസുമായി ഒരു പൂര്‍വ ബന്ധമുണ്ട് എന്നതുതന്നെ കാരണം. ബാര്‍ബഡോസില്‍ ജനിച്ച ആര്‍ച്ചര്‍ വിന്‍ഡീസിനായി അണ്ടര്‍ 19 ലോകകപ്പ് കളിച്ച താരമാണ്.

ലോകകപ്പ് ടീം സെലക്‌‌ഷനില്‍ അവസാന നിമിഷമാണ് ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടീമിലെത്തിയത്. എന്നാല്‍ ലോകകപ്പില്‍ ആദ്യ മത്സരങ്ങളില്‍ തന്ന തന്‍റെ വേഗം കൊണ്ട് അമ്പരപ്പിച്ചു. ആര്‍ച്ചറുടെ പന്തുകളുടെ ശരാശരി വേഗം 90.6 മൈലാണ്. അതുകൊണ്ട് തന്നെ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ട് കളിക്കാനിറങ്ങുമ്പോള്‍ ആര്‍ച്ചര്‍ എന്ത് അത്ഭുതം കാട്ടുമെന്ന ആകാംക്ഷ ക്രിക്കറ്റ് ലോകത്തിനുണ്ട്. 

എതിര്‍ ടീമുകളെയെല്ലാം വിറപ്പിക്കുന്ന ആര്‍ച്ചര്‍ മാജിക് വെസ്റ്റ് ഇന്‍ഡീസിനെതിരെ കാണാനാകുമോ എന്ന് കണ്ടറിയാം.  ആര്‍ച്ചറുടെ പന്തുകളെ അനായാസം കൈകാര്യം ചെയ്യുമെന്നാണ് വെസ്റ്റ് ഇന്‍ഡീസ് പരിശീലകന്‍ ഫ്ലോയിഡ് റീഫര്‍ പറയുന്നത്. വെസ്റ്റ് ഇന്‍ഡീസും ശക്തമായ ബൗളിംഗ് ലൈനപ്പുള്ള ടീമാണ്. അതുകൊണ്ട് ബൗളര്‍മാര്‍ തമ്മിലുള്ള പോരാട്ടം കൂടിയാവും മത്സരം.