ഈ ലോകകപ്പിലെ റൺവേട്ടക്കാരിൽ നാലാമനായ വില്യംസണെ താരങ്ങളിൽ താരമാക്കിയത് ബാറ്റിംഗ് മികവിനൊപ്പം കിവീസിനെ കപ്പിനരികെവരെ എത്തിച്ച നേതൃപാടവം കൂടിയാണ്. മാർട്ടിൻ ക്രോയ്ക്ക് ശേഷം ലോകകപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെന്‍റായി തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ കിവീസ് താരംകൂടിയാണ് വില്യംസൺ
ലണ്ടന്‍: കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടമായെങ്കിലും ലോകകപ്പിന്‍റെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസനാണ്. ഇംഗ്ലണ്ടിന്‍റെ ബെൻ സ്റ്റോക്സാണ് ഫൈനലിലെ താരം. മുറിവേറ്റ ഹൃദയവുമായി കെയ്ൻ വില്യംസൺ ടൂർണമെന്‍റിലെ താരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയത് സച്ചിൻ ടെൻഡുൽക്കറുടെ കൈയിൽ നിന്നാണ്.
ന്യൂസിലൻഡ് ഇന്നിംഗ്സിന്‍റ നെടുന്തൂണായ വില്യംസൺ ഒൻപത് ഇന്നിംഗ്സിൽ നിന്ന് രണ്ട് സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറിയും ഉൾപ്പടെ നേടിയത് 578 റൺസ്. ഈ ലോകകപ്പിലെ റൺവേട്ടക്കാരിൽ നാലാമനായ വില്യംസണെ താരങ്ങളിൽ താരമാക്കിയത് ബാറ്റിംഗ് മികവിനൊപ്പം കിവീസിനെ കപ്പിനരികെവരെ എത്തിച്ച നേതൃപാടവം കൂടിയാണ്.
മാർട്ടിൻ ക്രോയ്ക്ക് ശേഷം ലോകകപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെന്‍റായി തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ കിവീസ് താരംകൂടിയാണ് വില്യംസൺ. മിക്ക ലോകകപ്പുകളിലും വിജയം നേടിയ ടീമിലെ കളിക്കാരാണ് ടൂര്‍ണമെന്‍റിന്‍റെ താരം ആകാറുള്ളത്.
വിജയികളായ ടീമില്‍ നിന്നല്ലാതെ ടൂര്‍ണമെന്‍റിന്‍റെ താരം ആകുന്ന നാലാമത്തെ താരമാണ് വില്യംസണ്‍. 1992ല്‍ ആണ് ആദ്യമായി കിരീടം നേടിയ ടീമില്‍ നിന്ന് അല്ലാതൊരാള്‍ ടൂര്‍ണമെന്‍റിന്‍റെ താരമാകുന്നത്. 1992ല്‍ കറുത്ത കുതിരകളായി വന്ന് കുതിച്ച് കയറിയ ന്യൂസിലന്‍ഡിന്‍റെ മാര്‍ട്ടിന്‍ ക്രോ ആണ് അന്ന് ചരിത്രം എഴുതിയത്.
456 റണ്‍സുമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയാണ് ക്രോ താരമായത്. പിന്നീട് 1999ല്‍ ഇപ്പോള്‍ ഷാക്കിബ് നടത്തിയതിന് സമാനമായ ഒരു പ്രകടനം കാഴ്ചവെച്ച് ദക്ഷിണാഫ്രിക്കയുടെ ലാന്‍സ് ക്ലൂസ്നര്‍ താരങ്ങളില്‍ താരമായി. 281 റണ്‍സും 17 വിക്കറ്റുമാണ് ലോകം കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളെന്ന് വിശേഷണമുള്ള ക്ലൂസ്നര്‍ അന്ന് നേടിയത്.
അവസാനമായി 2003ല്‍ ആണ് കിരീടം നേടാത്ത ടീമില്‍ നിന്ന് മികച്ച താരമാകുന്നത്. 2003 ലോകകപ്പിന്‍റെ കലാശ പോരില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും അസാമാന്യ പ്രകടനം നടത്തിയ ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് അന്ന് ചരിത്ര പുസ്കത്തില്‍ ഇടം നേടിയത്. അന്ന് 11 മത്സരങ്ങളില്‍ നിന്ന് 673 റണ്‍സാണ് സച്ചിന്‍ നേടിയത്.
