ലണ്ടന്‍: സിക്സുകള്‍ കൊണ്ട് റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച മത്സരമായിരുന്നു ലോകകപ്പില്‍ ഇന്നത്തെ ഇംഗ്ലണ്ട്-അഫ്ഗാനിസ്ഥാന്‍ മത്സരം. മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ 33 സിക്സുകളാണ് പിറന്നത്. 2015 ലെ ലോകകപ്പിലെ ന്യൂസിലാന്‍റ് -വെസ്റ്റ് ഇന്‍ഡീസ് മാച്ചിലെ 31 സിക്സുകളെന്ന റെക്കോര്‍ഡാണ് ഇംഗ്ലണ്ട് -അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ മറികടന്നത്. 

2007 ല്‍ പാകിസ്ഥാനും സിംബാവെയും തമ്മില്‍ നടന്ന മത്സരത്തില്‍ 22 സിക്സുകള്‍ പിറന്നിരുന്നു. 2015 ലെ വെസ്റ്റ് ഇന്‍ഡീസ് സിംബാവേ മത്സരത്തിലും 22 സിക്സുകള്‍ പിറന്നിരുന്നു. അഫ്‌ഗാനെതിരെ നടന്ന വെടിക്കെട്ട് ബാറ്റിംഗില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ് മോര്‍ഗനും സംഘവും നേടിയത്.

71 പന്തില്‍ 148 റണ്‍സ് നേടിയ മോര്‍ഗന്‍ 17 സിക്‌സുകള്‍ നേടി ലോക റെക്കോര്‍ഡ് കുറിച്ചിരുന്നു. ഏകദിനത്തിലും ലോകകപ്പിലും ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ എന്ന റെക്കോര്‍ഡാണ് മോര്‍ഗന്‍ നേടിയത്.