2015 ലെ തോൽവിക്ക് പകരം വീട്ടാനുള്ള അവസരം കൂടിയാണ് ഇംഗ്ലണ്ടിന് ഇന്ന് ലഭിക്കുന്നത്

ലണ്ടന്‍: ബംഗ്ലാദേശിനെതിരായ ഒരു തോൽവിയാണ് ഏകദിന ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്‍റെ കുതിപ്പിന് വഴിയൊരുക്കിയത്. 2015 ലെ തോൽവിക്ക് പകരം വീട്ടാനുള്ള അവസരം കൂടിയാണ് ഇംഗ്ലണ്ടിന് ഇന്ന് ലഭിക്കുന്നത്. ഇംഗ്ലീഷ് ക്രിക്കറ്റിന്‍റെ വന്‍വീഴ്ചയായിരുന്നു അത്. ബദ്ധവൈരികളായ ഓസ്ട്രേലിയയുടെ മണ്ണിൽ ദുര്‍ബലരായ ബംഗ്ലാദേശിനോട് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായി. 276 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ട് ഒന്നിന് 97 ൽ നിന്ന് അഞ്ചിന് 132ലേക്ക് വീണു. ബട്‍ളറും വോക്സും പൊരുതിയിട്ടും 260 ൽ എല്ലാം അവസാനിച്ചു. 

ഏകദിന ഫോര്‍മാറ്റിനോടുള്ള സമീപനത്തിൽ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് ഈ തോൽവി ഇംഗ്ലണ്ടിനെ പഠിപ്പിച്ചു. ട്വന്‍റി 20 ശൈലിയിൽ ബാറ്റ് വീശുന്ന പലര്‍ക്കും ഏകദിന ടീമിലേക്ക് വിളിയെത്തി. 4 വര്‍ഷത്തിന് ശേഷം ലോകകപ്പ് വീണ്ടും എത്തിയപ്പോള്‍ ഏകദിന ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ടീമായി മാറി മോര്‍ഗന്‍റെ ഇംഗ്ലണ്ട്. 

2015ൽ കളിച്ച 5 പേര്‍ ഇന്ന് ഇംഗ്ലണ്ടിനായി കാര്‍ഡിഫിലിറങ്ങും. ഓയിന്‍ മോര്‍ഗനും ജോ റൂട്ടും മോയിന്‍ അലിയും ജോസ് ബട്‍‍ലറും ക്രിസ് വോക്സുമാണ് ഇത്തവണയും ലോകകപ്പിന് ഇറങ്ങുന്നത്. ഏതായാലും ഇംഗ്ലണ്ട് കണക്കു തീര്‍ക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണാം.