ഐസിസി റാങ്കിംഗിലും കിരീടസാധ്യതയിലും ഒന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട്. പക്ഷേ, ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോൾ ഓയിൻ മോർഗനും സംഘത്തിനും അത്ര നല്ല ഓർമ്മകളല്ല ഒപ്പമുള്ളത്.

ലണ്ടന്‍: ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ട്-ബംഗ്ലാദേശ് പോരാട്ടം.വൈകിട്ട് മൂന്നിന് തുടങ്ങുന്ന കളിയിൽ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ നേരിടും. ഐസിസി റാങ്കിംഗിലും കിരീടസാധ്യതയിലും ഒന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട്. പക്ഷേ, ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോൾ ഓയിൻ മോർഗനും സംഘത്തിനും അത്ര നല്ല ഓർമ്മകളല്ല ഒപ്പമുള്ളത്. 2011,2015 ലോകകപ്പുകളിൽ ഇംഗ്ലണ്ടിന്‍റെ വഴിമുടക്കിയത് ബംഗ്ലാ കടുവകളായിരുന്നു.

അന്നത്തെ ഇംഗ്ലണ്ടല്ല ഇപ്പോൾ. കഴിഞ്ഞ കളിയിൽ പാകിസ്ഥാനെതിരെ തോറ്റെങ്കിലും ബാറ്റിംഗ് കരുത്ത് ഒരിക്കൽക്കൂടി തെളിയിച്ചു. ഈ കരുത്തിനെ സ്പിൻ മികവിലൂടെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശ്.

കാർഡിഫിലെ വിക്കറ്റ് പേസിനെ തുണയ്ക്കുന്നതാണെങ്കിലും മെഹിദി ഹസൻ മിറാസ്, ഷാകിബ് അൽ ഹസ്സൻ, മൊസാദെക് ഹുസൈൻ സ്പിൻ ത്രയമായിരിക്കും ബംഗ്ലാദേശിന്‍റെ വജ്രായുധങ്ങളെന്ന് ക്യാപ്റ്റൻ മഷ്റഫെ മൊ‍ർതാസ വ്യക്തമാക്കിക്കഴിഞ്ഞു. ഇംഗ്ലണ്ട് ആദിൽ റഷീദിന് പകരം ലയം പ്ലങ്കറ്റിനെ ടീമിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.

അതേസമയം, രണ്ടാം പോരില്‍ ന്യുസിലന്‍ഡിന് എതിരാളികള്‍ അഫ്ഗാനിസ്ഥാനാണ്. കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച് എത്തുന്ന കിവികള്‍ക്ക് മുന്നില്‍ അഫ്ഗാന്‍ വീര്യം എന്ത് മറുപടിയാണ് കാത്തുവച്ചിരിക്കുന്നതെന്നാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.