ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും വിജയ് ശങ്കർ ടീമിലുണ്ടാകുമെന്ന സൂചന നൽകി ക്യാപ്റ്റൻ വിരാട് കോലി. വിജയ് ശങ്കറിന്‍റെ പ്രകടനത്തിൽ വിശ്വാസമുണ്ട്. മുഹമ്മദ് ഷമിയുടെ മിന്നും ഫോം ബോളിംഗ് കോമ്പിനേഷൻ തീരുമാനിക്കുന്നത് തലവേദനയാക്കിയെന്നും കോലി പറഞ്ഞു.

വിൻഡീസിനെതിരായ മത്സരത്തിൽ വേഗം പുറത്തായ വിജയ് ശങ്കറിനെ നാലാം നമ്പറിൽ ഇനി കളിപ്പിക്കരുതെന്ന് ആരാധകർ മുറവിളി കൂട്ടുന്നതിനിടെയാണ് കോലിയുടെ പ്രതികരണം. പാക്കിസ്ഥാനും അഫ്ഗാനുമെതിരായ മത്സരത്തിൽ ശങ്കറിന്‍റെ പ്രകടനം ഓർമിപ്പിച്ചാണ് ക്യാപ്റ്റന്‍റെ പിന്തുണ. ഋഷഭ് പന്തിനെക്കുറിച്ച് ഒന്നും പറയാനും ക്യാപ്റ്റൻ തയാറായില്ല.

നന്നായി തുടങ്ങുന്ന വിജയ് ശങ്കറിനൊപ്പം ഭാഗ്യമില്ലാത്തതാണ് പ്രശ്നമെന്നും കോലി കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിനെതിരെ ബോളിംഗ് കോംമ്പിനേഷൻ തീരുമാനിക്കുന്നതും എളുപ്പമല്ല. ഭുവനേശ്വർ മികച്ച ബോളറാണ് എന്നാൽ ഷമിയുടെ പ്രകടനം മറക്കാനാവുകയുമില്ല. ഈ ലോകകപ്പില്‍ തോല്‍വി എന്തെന്നറിയതെ മുന്നേറുകയാണ് ടീം. ജയിച്ചാല്‍ 13 പോയിന്‍റോടെ ഇന്ത്യ സെമിയിലേക്ക് നീങ്ങും. മറുവശത്ത് ഇംഗ്ലണ്ടിനാകട്ടെ ജീവൻ മരണ പോരാട്ടമാണ്. 7 കളികളില്‍നിന്ന് 8 പോയിന്റുള്ള ഇംഗ്ലണ്ടിന് സെമി സാധ്യത നിലനിർ‍ത്താൻ ഇന്ത്യക്കെതിരെ ജയിച്ചേ പറ്റൂ.