ലണ്ടന്‍: ലോകകപ്പില്‍ ഇന്ന് ന്യൂസിലാന്‍ഡും ഇന്ത്യയും ഏറ്റുമുട്ടുകയാണ്.പരാജയമറിയാതെയാണ് ഇരു ടീമുകളും പോരാട്ടത്തിനെത്തിയിരിക്കുന്നത്. ഈ ലോകകപ്പില്‍ മൂന്നു മത്സരങ്ങളും വിജയിച്ചാണ് ന്യൂസിലാന്‍ഡ് എത്തുന്നത്. ശ്രീലങ്ക, അഫ്ഗാന്‍, ബംഗ്ലാദേശ് എന്നീ താരതമ്യേനെ ദുര്‍ബലരായ ടീമുകളെ തോല്‍പ്പിച്ചാണ് കിവീസ് ഇന്ന് ശക്തരായ ഇന്ത്യയെ നേരിടുന്നത്. 

ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, എന്നിവരെ നേരിട്ട പരിചയത്തിലാണ് ഇന്ത്യയിറങ്ങുന്നത്. വലിയൊരു വിജയം തന്നെയാണ് ഇരു ടീമുകളും പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഫോമിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്ന് ന്യൂസിലാന്‍റിനെതിരെ സെഞ്ചുറിയടിച്ചാല്‍  ഇതിഹാസങ്ങള്‍ക്കൊപ്പം കോലിയുമെത്തും. 

ന്യൂസിലാന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരങ്ങളുടെ നിരയിലേക്കാണ് കോലിയുമെത്തുക. നിലവില്‍ വിരേന്ദ്രസേവാഗും റിക്കി പോണ്ടിംഗുമാണ് ആ താരങ്ങള്‍. ഇരുവര്‍ക്കും ആറു സെഞ്ചുറികള്‍ വീതമുണ്ട്. അഞ്ച് സെഞ്ചുറികളാണ് കോലി ഇതുവരെ നേടിയത്. ഇന്ന് സെഞ്ചുറിയടിച്ചാല്‍ റിക്കി പോണ്ടിംഗിനും സെവാഗിനുമൊപ്പമാവും കോലിയും. 

മറ്റൊരു റെക്കോര്‍ഡുകൂടി കോലിയെ കാത്തിരിക്കുന്നുണ്ട്. ഇന്നത്തെ മത്സരത്തില്‍ 57 റണ്‍സ് കൂടി നേടിയാല്‍ കോലിയ്ക്ക് ഏകദിനത്തില്‍ 11000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാം. ഒപ്പം അതിവേഗം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും കോലിയുടെ പേരിലാവും. 221 ഇന്നിംഗ്സുകളില്‍ നിന്ന് 10943 റണ്‍സാണ് നിലവില്‍ കോലിയുടെ പേരിലുളളത്. 276 ഇന്നിംഗ്സുകളില്‍ നിന്ന് 11000 റണ്‍സ് പിന്നിട്ട സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്.