ലണ്ടന്‍: ലോകകപ്പിലെ ഇന്നത്തെ മത്സരം ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചിരവൈരികളായ പാകിസ്ഥാനും ഇന്ത്യയും ഏറ്റുമുട്ടുന്നു. ലോകകപ്പുകളില്‍ പാകിസ്ഥാനെതിരെ ഇന്ത്യ തോറ്റിട്ടില്ല. ഇതുവരെയുണ്ടായ ആറു പോരാട്ടങ്ങളിലും ഇന്ത്യയാണ് ജയിച്ചത്. ഈ ലോകവേദിയിൽ ചിരവൈരികള്‍ ആദ്യമായാണ് മുഖാമുഖം വരുന്നത്.
  
അതിനിടെ ടീമിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. 'ഇന്ത്യന്‍ ടീം പാക്കിസ്ഥാനെതിരെ ഗ്രൗണ്ടില്‍ ഇറങ്ങുകയാണ്. ഏറെ ജാഗരൂപരാകേണം. തങ്ങള്‍ ഫേവറൈറ്റുകളാണെന്ന ചിന്തയില്‍ ടീം പാകിസ്ഥാനെതിരായ മത്സരത്തിന് ഇറങ്ങരുത്. 2017 ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ സംഭവിച്ചത് അതാണ്.

ഇന്ത്യന്‍ ടീം ഫേവറൈറ്റുകളെന്ന് അഹങ്കരിച്ച് കളിക്കളത്തിലിറങ്ങി. ഫലമോ പാകിസ്ഥാന്‍ വലിയ വിജയം സ്വന്തമാക്കി. അതൊഴിവാക്കണമെന്നും പാകിസ്ഥാനെതിരെ ഫേവറൈറ്റുകളെന്ന ചിന്തയില്‍ ഇന്ത്യ ഇറങ്ങരുതെന്നും ദാദ കൂട്ടിച്ചേര്‍ത്തു. ഇന്ന് മാഞ്ചസ്റ്ററിൽ ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിക്കാണ് സ്വപ്നപോരാട്ടം.